കൊല്‍ക്കത്ത: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. 'രാജ്യത്തിന്റെ ഏറ്റവും വലിയ ശാപ'മാണ് ബിജെപി എന്ന് അവര്‍ പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്താല്‍ പോലും ജയിലില്‍ കിടന്ന് അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്നും അവര്‍ പറഞ്ഞു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ക്ക് ബങ്കുറയില്‍ തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു മമത.

'ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, നുണകളുടെ മാലിന്യക്കൂമ്പാരമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴൊക്കെ 'നാരദ'യും 'ശാരദ'യുമായി തൃണമൂല്‍ നേതാക്കളെ വിരട്ടാന്‍ അവര്‍ എത്തും. എന്നാല്‍ ഒരു കാര്യം പറയാം, ബിജെപിയെയോ അവരുടെ ഏജന്‍സികളെയോ ഞാന്‍ ഭയപ്പെടുന്നില്ല. അവര്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്ത് ജലിലടയ്ക്കട്ടെ. ഞാന്‍ ജയിലില്‍ കിടന്നുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിട്ട് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പുവരുത്തും', മമത പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ വിളിച്ച് പണം വാഗ്ദാനം ചെയ്യുകയാണ് ബിജെപി. എംഎല്‍എമാര്‍ക്ക് രണ്ടുകോടി വാഗ്ദാനം ചെയ്യുന്നു. ഇതിനെ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന് വിളിക്കാന്‍ സാധിക്കുമോ? നാടിന് അപമാനമാണ് ഈ പാര്‍ട്ടി. ചിലര്‍ വിചാരിക്കുന്നത് ബിജെപി പശ്ചിമബംഗാളില്‍ അധികാരത്തിലെത്തുമെന്നാണ്. എന്നാല്‍ ഒരുവിധത്തിലും അത് സംഭവിക്കില്ലെന്നും തങ്ങള്‍ വീണ്ടും വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നും മമത പറഞ്ഞു.

ബിഹാറിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയം കൃത്രിമമാണെന്നും ജനങ്ങളുടെ വിധിയെഴുത്തല്ലെന്നും മമത പറഞ്ഞു. ജയിലില്‍ കിടന്നുകൊണ്ടും ആര്‍ജെഡിയുടെ മികച്ച വിജയം ഉറപ്പുവരുത്താന്‍ ലാലുപ്രസാദ് യാദവിന് സാധിച്ചെന്നും മമത ബാനര്‍ജി ചൂണ്ടിക്കാട്ടി.

Content Highlights: They (BJP) Can Arrest Me, I'll Win From Jail"- Mamata Banerjee's Dare