ഒവൈസി, മോദി. photo: ANI
മുംബൈ: താജ്മഹലിനുള്ളിലെ പൂട്ടിക്കിടക്കുന്ന മുറികള്‍ തുറന്നുപരിശോധിക്കണമെന്ന ബിജെപി നേതാവിന്റെ ആവശ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് എഐഎംഐഎം നേതാവും ലോക്‌സഭാ എംപിയുമായ അസദുദ്ദീന്‍ ഒവൈസി. അവര്‍ താജ്മഹലിനുള്ളില്‍ പ്രധാനമന്ത്രി മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തിരയുകയാണെന്ന് ഒവൈസി പരിസഹിച്ചു. മഹാരാഷ്ട്രയിലെ ബിവണ്ടിയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താജ്മഹലുമായി ബന്ധപ്പെട്ട് ബിജെപി ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഒവൈസിയുടെ പ്രതികരണം. താജ്മഹലിനുള്ളില്‍ അടച്ചിട്ട 22 മുറികള്‍ പരിശോധിച്ച് സത്യം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ ബിജെപി നേതാവ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. താജ്മഹല്‍ പഴയ ശിവക്ഷേത്രമാണെന്നായിരുന്നു ഹര്‍ജിയിലെ അവകാശവാദം. എന്നാല്‍, ഹര്‍ജി തള്ളിയ കോടതി, ഇത്തരം കാര്യങ്ങള്‍ ചരിത്രകാരന്‍മാര്‍ക്ക് വിട്ടുനല്‍കണമെന്നും വ്യക്തമാക്കിയിരുന്നു.
'ഇന്ത്യ എന്റെയോ താക്കറെയുടെയോ മോദിയുടെയോ അമിത് ഷായുടെയോ അല്ല. ഇന്ത്യ ആരുടെയെങ്കിലും സ്വന്തമാണെങ്കില്‍ അത് ദ്രാവിഡര്‍ക്കും ആദിവാസികള്‍ക്കും മാത്രമാണ്. മുഗള്‍ വംശജര്‍ക്ക് ശേഷം മാത്രമാണ് ബിജെപിയും ആര്‍എസ്എസും. യഥാര്‍ഥത്തില്‍ ഇന്ത്യ രൂപപ്പെട്ടത് ആഫ്രിക്ക, ഇറാന്‍, മധ്യേഷ്യ, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ നിന്ന് ആളുകള്‍ കുടിയേറിയതിന് ശേഷമാണ്', ഒവൈസി പറഞ്ഞു.
മുഗള്‍ വംശജര്‍ പുറത്തുനിന്ന് എങ്ങനെയാണ് ഇങ്ങോട്ട് വന്നതെന്ന് മാത്രമാണ് ബിജെപി ചര്‍ച്ചചെയ്യുന്നത്. എന്നാല്‍ ഇന്ത്യയിലേക്ക് ലോകത്തിന്റെ പലകോണുകളില്‍നിന്നുള്ള വ്യത്യസ്ത സമുദായത്തില്‍പ്പെട്ടവര്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.
Content Highlights: They are searching for PM Modi's degree under Taj Mahal, says Owaisi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..