Photo: AFP
ന്യൂഡല്‍ഹി: കല്‍ക്കരി ക്ഷാമവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിനിടെ കടുത്ത ഓക്സിജന്‍ ക്ഷാമം നേരിട്ടപ്പോഴും അത്തരത്തില്‍ ഒരു പ്രതിസന്ധിയേ ഇല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതെന്ന് സിസോദിയ ചൂണ്ടിക്കാട്ടി. നിലവില്‍ കല്‍ക്കരിയുടെ അവസ്ഥയും അതുതന്നെ. കടുത്ത പ്രതിസന്ധിയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
കല്‍ക്കരി ക്ഷാമത്തിന്റെ പേരില്‍ അനാവശ്യമായ ഭീതിയാണ് ചിലര്‍ സൃഷ്ടിക്കുന്നതെന്ന് കേന്ദ്ര ഊര്‍ജമന്ത്രി ആര്.കെ സിങ് നേരത്തെ പറഞ്ഞിരുന്നു. രാജ്യത്ത് ആവശ്യത്തിന് വൈദ്യുതി ലഭ്യമാണെന്നും നിലവിലെ പ്രശ്നങ്ങള്‍ ദിവസങ്ങള്‍ക്കകം പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. പിന്നാലെയാണ് കേന്ദ്രത്തിനെതിരെ വിമര്‍ശവുമായി സിസോദിയ രംഗത്തെത്തിയത്. കേന്ദ്ര ഊര്‍ജമന്ത്രി നടത്തിയത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്ന് സിസോദിയ ആരോപിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കുന്നതിനിടെയാണ് കേന്ദ്രമന്ത്രി ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്, ഡല്‍ഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച ആശങ്ക ഉയര്‍ത്തിയിരുന്നു. രാജ്യതലസ്ഥാനം നേരിടാന്‍ പോകുന്ന വൈദ്യുതി പ്രതിസന്ധി ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. ഊര്‍ജപ്രതിസന്ധി കേരളത്തെ ബാധിച്ചുകഴിഞ്ഞതായും ഇതിനെ നേരിടാന്‍ സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ ആയിരം മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. കൂടംകുളത്ത് നിന്ന് 30 ശതമാനം മാത്രമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. കല്‍ക്കരി ക്ഷാമം ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടാണ് പവര്‍കട്ടിലേക്ക് പോകേണ്ടിവരുമെന്ന് പറയുന്നത്. വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കെ.എസ്.ഇ.ബി കാര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. ജനങ്ങള്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
ബിഹാര്‍, രാജസ്ഥാന്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും വൈദ്യുതി പ്രതിസന്ധി നേരിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സംസ്ഥാനങ്ങളില്‍ 14 മണിക്കൂര്‍വരെ പവര്‍കട്ട് ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കല്‍ക്കരി ക്ഷാമത്തിന് പിന്നില്‍ നാല് കാരണങ്ങളാണ് ഉള്ളതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. സമ്പദ്വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയില്‍ ആയതിനാല്‍ വൈദ്യുതി ഉപയോഗം വര്‍ധിച്ചു, കല്‍ക്കരി ഖനികള്‍ ഉള്ള പ്രദേശങ്ങളിലെ കനത്ത മഴ, ഇറക്കുമതി ചെയ്യുന്ന വൈദ്യുതിയുടെ വില കൂടി, പാട്ടക്കരാറുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലെയും കല്‍ക്കരി കമ്പനികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവയാണ് കല്‍ക്കരി ക്ഷാമത്തിന് പിന്നില്‍ എന്നാണ് വിശദീകരണം.
Content Highlights: They also said no oxygen crisis - Delhi deputy CM
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..