ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണശേഷി വര്‍ധിപ്പിക്കാന്‍പോന്ന സുപ്രധാന നേട്ടവുമായി ഇന്ത്യന്‍ പ്രതിരോധ ഗവേഷണ ഏജന്‍സി. സംശയകരമായ സാഹചര്യത്തില്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്നവരെ അവര്‍ അറിയാതെ നിരീക്ഷിക്കാന്‍ സഹായിക്കുന്ന തെര്‍മല്‍ ഇമേജിംഗ് റഡാര്‍ ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ചു. 'ദിവ്യചക്ഷു' എന്നാണ് ഉപകരണത്തിന്റെ പേര്. ഡി.ആര്‍.ഡി.ഒ.യ്ക്ക് കീഴിലുള്ള എലക്ട്രോണിക്സ് ആന്‍ഡ് റഡാര്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്( എല്‍.ആര്‍.ഡി.പി.) ആണ് ഉപകരണം വികസിപ്പിച്ചത്. 

ചുവരില്‍നിന്ന് 20 മീറ്റര്‍ അകലെ വരെ മറഞ്ഞിരിക്കുന്നവരേപ്പോലും കണ്ടെത്താന്‍ 'ദിവ്യചക്ഷു' സഹായിക്കും. ശരീര താപനില കണക്കാക്കിയാണ് 'ദിവ്യചക്ഷു' പ്രവര്‍ത്തിക്കുന്നത്. ചുവരിനപ്പുറത്ത് നില്‍ക്കുന്നവരുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ ഉപകരണം സഹായിക്കും. ആക്രമികള്‍ ആരേയെങ്കിലും ബന്ദികളാക്കിയിട്ടുണ്ടെങ്കില്‍ സൈന്യത്തിന് വളരെവേഗം ഇക്കാര്യം മനസിലാക്കാന്‍ സാധിക്കും. എതിരാളികളുടെ കണ്ണില്‍ പെടാതെ കൃത്യമായ പ്രത്യാക്രമണം ആസൂത്രണം ചെയ്യുകയുമാകാം.

ഇത്തരം സംവിധാനം ഇന്ത്യന്‍ സൈന്യത്തിന് ഉണ്ടായിരുന്നെങ്കില്‍ 2008 നവംബറിലുണ്ടായ ഭീകരാക്രമണത്തെ വളരെവേഗം പ്രതിരോധിക്കാന്‍ സാധിക്കുമായിരുന്നു. മുബൈയിലെ താജ് ഹോട്ടലില്‍ ഭീകരര്‍ നിരവധി പേരെ ബന്ധികളാക്കിയതിനാല്‍ സൈന്യത്തിന്റെ പ്രത്യായാക്രമണം പ്രതിരോധത്തിലേക്ക് ഒതുങ്ങിപ്പോയിരുന്നു. അടുത്തിടെ പഞ്ചാബിലെ ഗുര്‍ദാസ്പൂരിലുണ്ടായ പൊലീസ് സ്റ്റേഷന്‍ ആക്രമണം, പഠാന്‍കോട്ട് വ്യോമതാവളത്തിലെ ആക്രമണം എന്നിവിടങ്ങളിലെല്ലാം ഭീകരര്‍ മണിക്കൂറുകളോളം ഒളിഞ്ഞിരുന്നാണ് ആക്രമണങ്ങള്‍ നടത്തിയത്.

ഇനി ഇത്തരം സന്ദര്‍ഭങ്ങളില്‍ സൈന്യത്തിന്റെ ആക്രമണ ശേഷി ഇരട്ടിയാക്കാന്‍ 'ദിവ്യചക്ഷു' സഹായിക്കും. ആറ് കിലോയോളം ഭാരമുള്ള ഇതിന് 35 ലക്ഷം രൂപയാണ് ചിലവ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്താല്‍ ഒന്നിന് രണ്ട്കോടി രുപയെങ്കിലും ചിലവാക്കേണ്ടിവരും. പൂര്‍ണമായും തദ്ദേശിയമായാണ് 'ദിവ്യചക്ഷു' നിര്‍മ്മിച്ചത്. അതിനാലാണ് വിലകുറഞ്ഞത്. ഇപ്പോള്‍ ഭാരക്കൂടുതല്‍ മാത്രമാണ് ഒരു ന്യൂനത. അത് പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. തെര്‍മ്മല്‍ റഡാറിന്റെ പ്രായോഗിക തലത്തിലുള്ള പരീക്ഷണങ്ങളാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡി.ആര്‍.ഡി.ഒ. കേന്ദ്രത്തില്‍ നടക്കുന്നത്. ഇവ പൂര്‍ത്തിയാകുന്നതോടെ 'ദിവ്യചക്ഷു' സൈന്യത്തിന്റെ ഭാഗമാകും.