Photo: Reuters
ന്യൂഡല്‍ഹി: രാജ്യത്ത് തിങ്കളാഴ്ച റെക്കോഡ് നിരക്കില്‍ കല്‍ക്കരി വിതരണം ചെയ്തുവെന്ന് കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രി പ്രള്‍ഹാദ് ജോഷി. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമുള്ള കല്‍ക്കരി വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. 22 ദിവസത്തേക്കുള്ള കല്‍ക്കരി സ്റ്റോക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കല്‍ക്കരിക്ഷാമം രാജ്യത്തെ ഊര്‍ജപ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് മന്ത്രിയുടെ വിശദീകരണം.
തിങ്കളാഴ്ച മാത്രം 1.95 മില്ല്യണ്‍ ടൺ കല്‍ക്കരിയാണ് വിതരണം ചെയ്തത്. ഇതുവരെ പ്രതിദിനം വിതരണം ചെയ്തതില്‍ ഏറ്റവും കൂടുതലാണിത്. കല്‍ക്കരി വിതരണം വര്‍ധിപ്പിക്കും. ഒക്ടോബര്‍ 21നുശേഷം രണ്ട് മില്ല്യണ്‍ ടണ്‍ വരെ കല്‍ക്കരി വിതരണം ചെയ്യാനാണ് ലക്ഷ്യം. രാജ്യത്തിന്റെ ആവശ്യപ്രകാരമുള്ള കല്‍ക്കരി വിതരണം ചെയ്യുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കല്‍ക്കരിക്ഷാമത്തെ തുടര്‍ന്നുള്ള വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ തിങ്കളാഴ്ച ഉന്നതതലയോഗം ചേര്‍ന്നിരുന്നു. കല്‍ക്കരി മന്ത്രി പ്രള്‍ഹാദ് ജോഷിയും ഊര്‍ജ്ജ മന്ത്രി ആര്. കെ സിങ്ങും ഇരു മന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
കല്‍ക്കരി ക്ഷാമം രാജ്യത്തെ താപവൈദ്യുത നിലയങ്ങളുടെ പ്രവര്‍ത്തനത്തേയും സാരമായി ബാധിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലും പഞ്ചാബിലും നിരവധി താപവൈദ്യുത യൂണിറ്റുകള്‍ അടച്ചുപൂട്ടി. രാജ്യം രൂക്ഷമായ ഊര്‍ജപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ആശങ്കകള്‍ക്കിടെയാണ് കല്‍ക്കരിക്ഷാമ റിപ്പോര്‍ട്ടുകളെ തള്ളി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
കല്‍ക്കരി ക്ഷാമമവും വൈദ്യുതി പ്രതിസന്ധിയുമില്ലെന്ന് പ്രള്‍ഹാദ് ജോഷിയും ആര്.കെ സിങ്ങും നേരത്തേയും വ്യക്തമാക്കിയിരുന്നു. രാജ്യത്തെ താപവൈദ്യുത നിലയങ്ങളുടെ കൈവശം അടുത്ത മൂന്നാഴ്ചത്തേക്ക് ആവശ്യമായ കല്‍ക്കരി ഉണ്ടെന്ന് പ്രള്‍ഹാദ് ജോഷി പറഞ്ഞു. 43 ദശലക്ഷം ടൺ കല്‍ക്കരിയാണ് കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ പക്കല്‍ സ്റ്റോക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കല്‍ക്കരി ക്ഷാമത്തിന്റെ പേരില്‍ അനാവശ്യമായ ഭീതിയുണ്ടാക്കരുതെന്ന് ആര്.കെ സിങ്ങ് വ്യക്തമാക്കി.
Content Highlights: There Will Be Adequate Coal Supply, Government clarifies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..