സീതാറാം യെച്ചൂരി | ഫോട്ടോ: PTI
ന്യൂഡല്‍ഹി: ഡല്‍ഹി കലാപം ഗൂഢാലോചനയാണെന്ന് ആവര്‍ത്തിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഡല്‍ഹിയിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദികളെ ശിക്ഷിക്കുന്നതിന് പകരം ആക്രമണത്തിന്റെ ഇരകള്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും യെച്ചൂരി ആരോപിച്ചു.
ഡല്‍ഹി കലാപക്കേസ് അന്വേഷണത്തില്‍ ആശങ്കയറിയിച്ച് രാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനപരമായി നടന്ന സിഎഎ വിരുദ്ധപ്രക്ഷോഭങ്ങളെ കലാപവുമായി കൂട്ടിക്കലര്‍ത്താനുള്ള ശ്രമമാണ് ഉണ്ടായത്. സിഎഎ വിരുദ്ധപ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരെയാണ് പിന്നീട് അറസ്റ്റ് ചെയ്ത് കേസ് ചുമത്തിയത്. എന്നാല്‍ ഡല്‍ഹി കലാപത്തിന്റെ യഥാര്‍ഥ പ്രതികള്‍ പുറത്ത് വിലസി നടക്കുകയാണ്.
സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ഡല്‍ഹി കലാപത്തെ തിരുകിക്കയറ്റാനുള്ള ഗൂഢാലോചനയാണ് ഇതിനുപിന്നിലുള്ളത്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നതാണ് ഈ നടപടി.
എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞത് സിഎഎ വിരുദ്ധപ്രക്ഷോഭകരാണ് ഡല്‍ഹിയിലെ കലാപത്തിന് പിന്നില്‍ എന്നാണ്. ഒരു അന്വേഷണവും നടത്താതെയാണ് അവര്‍ ഇക്കാര്യം തീരുമാനിച്ചത്.
53 പേര്‍ക്ക് ജീവന്‍ നഷ്ടമായ, ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായ ഡല്‍ഹി കലാപത്തിന്റെ എഫ്‌ഐആര്‍ സമര്‍പ്പിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ട ജഡ്ജിയെ അന്ന് രാത്രി തന്നെ സ്ഥലം മാറ്റുന്ന സ്ഥിതിയാണ് ഉണ്ടായത്. കേസിന്റെ അന്വേഷണമല്ല നടക്കുന്നത്. പകരം, പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള സമരവും കലാപവുമായി ബന്ധപ്പെടുത്താനുള്ള ശ്രമവും അതിനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്.
കാബിനറ്റ് മന്ത്രിയും ദേശീയ നേതാക്കളും ഉള്‍പ്പെടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ വിദ്വേഷപ്രസംഗം നടത്തി അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചിരിക്കുകയായിരുന്നു. ഇതിനെതിരെ ഒരു അന്വേഷണവും നടന്നിട്ടില്ല, ഒരു നടപടിയും ഉണ്ടായിട്ടില്ല. നേരത്തെ എഴുതിത്തയ്യാറാക്കിയ രാഷ്ട്രീയ തിരക്കഥ പ്രകാരമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ഡല്‍ഹി പോലീസ് പ്രവര്‍ത്തിക്കുന്നത്. അത് സ്വീകര്യമായ കാര്യമല്ല. പകരം ഈ കേസില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്താനാണ് ഉത്തരവിടേണ്ടതെന്നും യെച്ചൂരി പറഞ്ഞു.
Content Highlights: There was a Conspiracy behind Delhi riot alleges Sitaram Yechury
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..