ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തിന് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. മികച്ച ആസൂത്രണത്തിലൂടെ കൃത്യ സമയത്ത് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവന്ന പശ്ചാത്തലത്തില്‍ ഉത്പാദനം വെട്ടിക്കുറച്ചതുകൊണാണ് പകര്‍ച്ചവ്യാധി പ്രതിരോധ മരുന്നായ റെംഡെസിവിറിന്റെ ദൗര്‍ലഭ്യമുണ്ടായത്. ഈ സാഹചര്യത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളറും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഉത്പാദകരുടെ യോഗം വിളിച്ചുചേര്‍ക്കുകയും റെംഡെസിവിറിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. റെംഡെസിവിര്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍  നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിരോധ മരുന്നിന്റെ കൃത്രിമ ക്ഷാമമുണ്ടാക്കാനും ജനങ്ങളെ ചൂഷണം ചെയ്യാനും ആരെങ്കിലും ശ്രമിച്ചാലും ഉത്തരവാദികള്‍ക്കെതിരെ കര്‍ഷന നടപടിയുണ്ടാവുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് യോഗ്യരായ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കണമെന്നും മറ്റുരാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ കയറ്റുമതി നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. നിലവിലെ രീതിയില്‍ വാക്‌സിന്‍ വിതരണം തുടര്‍ന്നാല്‍ രാജ്യത്തെ 75 ശതമാനം ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ലെന്ന നിലപാാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. വാക്‌സിന്‍ ക്ഷാമമില്ലെന്നും പല സംസ്ഥാനങ്ങളും വാക്‌സിന്‍ പാഴാക്കിക്കളയുന്നതാണ് പ്രശ്‌നമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ആന്റി വൈറല്‍ മരുന്നായ റെംഡെസിവിറിന്റെ കയറ്റുമതി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.

Content Highlights: There is no shortage of vaccines - Health Minister