ന്യൂഡല്‍ഹി: ലോക്‌സഭയുടെ അംഗസഖ്യ ആയിരമോ അതില്‍ അധികമോ ആക്കാനുള്ള ആലോചനകള്‍ നടക്കുന്നതായി കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ഇക്കാര്യം നടപ്പാക്കുന്നതിന് മുന്‍പ് ബഹുജനങ്ങളില്‍നിന്ന് അഭിപ്രായം തേടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് തിവാരിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. 

2024-ന് മുന്‍പ്, ലോക്‌സഭയുടെ അംഗസംഖ്യ ആയിരമോ അതില്‍ അധികമോ ആക്കാനുള്ള നിര്‍ദേശം പരിഗണനയിലുണ്ടെന്ന് ബി.ജെ.പി. എം.പിമാരില്‍നിന്ന് വിശ്വസനീയമായ വിവരം ലഭിച്ചുവെന്ന് മനീഷ് തിവാരി ട്വീറ്റ് ചെയ്തു. പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത് ആയിരം സീറ്റുകളോടെയാണ്. ഇത് നടപ്പാക്കുന്നതിന് മുന്‍പ് ഗൗരവമായി ബഹുജനാഭിപ്രായം തേടേണ്ടതുണ്ട്- തിവാരി കൂട്ടിച്ചേര്‍ത്തു.

എം.പിമാരുടെ ജോലി രാജ്യത്തിനു വേണ്ടി നിയമനിര്‍മാണം നടത്തുക എന്നതാണ്. ഇക്കാര്യം ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ പറയുന്നുണ്ട്. വികസനകാര്യങ്ങള്‍ നടപ്പാക്കുന്നതിന് നിയമസഭകള്‍ നേതൃത്വം വഹിക്കുന്ന,  73, 74 ഭരണഘടനാ ഭേദഗതികളുണ്ട്. ലോക്‌സഭയുടെ അംഗസംഖ്യ ആയിരമായി വര്‍ധിപ്പിക്കാനുള്ള നീക്കം സത്യമാണെങ്കില്‍ അതിന് പ്രത്യാഘാതങ്ങളുണ്ടാകുമെന്നും തിവാരി പറഞ്ഞു. 

ശരിയാണോ എന്ന് അറിയില്ലെങ്കിലും അംഗസംഖ്യ വര്‍ധിപ്പിക്കുമ്പോള്‍, സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മൂന്നിലൊന്ന് സംവരണത്തിനായി അംഗസംഖ്യ ആയിരമോ അതില്‍ അധികമോ ആകാന്‍ കാത്തിരിക്കുന്നത് എന്തിനെന്നും നിലവിലെ 543-ല്‍ മൂന്നിലൊന്ന് സംവരണം നല്‍കിക്കൂടേയെന്നും തിവാരി ചോദിച്ചു. സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രണ്ടുപതിറ്റാണ്ടുകളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

content highlights: there is a proposal to increase strength of loksabha- manish tewari