കൊൽക്കത്ത: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാൽ കൊൽക്കത്തയിലെ സിനിമാ തീയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി. 26-ാമത് കൊൽക്കത്ത രാജ്യാന്തര ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

തീയേറ്ററുകളിലെ മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിച്ച തമിഴ്നാട് സർക്കാരിന്റെ തീരുമാനം പിൻവലിക്കാൻ കേന്ദ്രം നിർദേശം നൽകിയതിന് തൊട്ടുപിന്നാലെയാണ് പൂർണതോതിൽ തീയേറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ അനുവാദിച്ചുള്ള മമതയുടെ നീക്കം. ഇതോടെ കേന്ദ്രവും മമത സർക്കാരും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.

കേന്ദ്ര നിർദേശത്തിന് പിന്നാലെ മദ്രാസ് ഹൈക്കോടതിയും തമിഴ്നാട് സർക്കാരിന്റെ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.ഇതോടെ 100 ശതമാനം സീറ്റുകളിലും പ്രവേശനം അനുവദിച്ച് ജനുവരി നാലിന് പുറത്തിറക്കിയ ഉത്തരവ് വെള്ളിയാഴ്ച വൈകീട്ടോടെ തമിഴ്നാട് സർക്കാർ പിൻവലിച്ചിരുന്നു.

50 ശതമാനം സീറ്റുകളിൽ പ്രവേശനം അനുവദിച്ച് തീയേറ്ററുകൾക്ക് പ്രവർത്തിക്കാമെന്നാണ് നേരത്തെ കേന്ദ്രസർക്കാർ മാർഗനിർദേശം പുറത്തിറക്കിയിരുന്നത്. കേന്ദ്ര ഭരണ പ്രദേശങ്ങളും സംസ്ഥാന സർക്കാരുകളും ഒരുതരത്തിലും കേന്ദ്ര മാർഗനിർദേശത്തിൽ മാറ്റംവരുത്തരുതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല തമിഴ്നാട് സർക്കാരിന് അയച്ച് കത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

content highlights:Theatres Allowed 100 Per Cent Occupancy: Mamata Banerjee, TN withdraws order