ന്യൂഡല്‍ഹി: രാജ്യത്തെ ലോക്ക് ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നു. ലോക്ക് ഡൗണിനിടയിലും രാജ്യത്തെ കോവിഡ് ബാധയുടെ നിരക്ക് ഉയരുന്നത് കണക്കിലെടുത്താണിത്‌. ലോക്ക് ഡൗണ്‍ ഇളവുകളില്‍ കര്‍ശനമായ മാര്‍ഗരേഖകള്‍ വേണമെന്ന് ചില സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ് ഇപ്പോള്‍. 

ലോക്ക് ഡൗണ്‍ ഇളവുകള്‍ വരുത്തിയതിന് ശേഷം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനനവാണ് രേഖപ്പെടുത്തിയത്. പല സ്ഥലങ്ങളിലും ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നില്ലെന്നതാണ് വര്‍ധനവിനുള്ള കാരണമായി കണക്കാക്കുന്നത്. ഇതിനിടെയാണ് ചില സംസ്ഥാനങ്ങള്‍ ഇളവുകളില്‍ പുതിയ മാര്‍ഗരേഖ വേണമെന്ന ആവശ്യം ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് ഇളവുകളില്‍ മാറ്റം കൊണ്ടുവരുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്. 

അതേസമയം ഇതുസംബന്ധിച്ച് ഒരു അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. കേന്ദ്ര മന്ത്രിസഭാ ഉപസമിതി ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഒരുഭാഗത്ത് ഇളവുകള്‍ വേണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ തന്നെ ഇളവുകളില്‍ കര്‍ശന മാര്‍ഗരേഖകള്‍ കൂടി വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. അതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകു. ഇക്കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ ഉണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

Content Highlights: The Union govt is likely to make changes to the lock down concessions