ശ്രീനഗര്‍: കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് പാര്‍ട്ടിയിലെ തിരുത്തല്‍ വാദികളുടെ സംഗമം. കോണ്‍ഗ്രസ് പാര്‍ട്ടി ദുര്‍ബലമാകുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്‌. അതുകൊണ്ടാണ് ഇവിടെ ഒത്തുകൂടിയത്. തങ്ങള്‍ നേരത്തെയും ഒത്തുകൂടിയിരുന്നു. ഒരുമിച്ച് പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ പറഞ്ഞു. രാജ്യസഭാ കാലാവധി കഴിഞ്ഞെത്തിയ ഗുലാം നബി ആസാദിന് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കപില്‍ സിബല്‍. 

ഗുലാം നബി ആസാദിന്റെ സ്വീകരണ പരിപാടി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നറിയിപ്പും ശക്തിപ്രകടനവും ആയിട്ടാണ് കോണ്‍ഗ്രസിലെ തിരുത്തല്‍വാദികള്‍ എടുത്തിട്ടുള്ളത്. 

ഗുലാം നബി ആസാദിന് വീണ്ടും രാജ്യസഭയില്‍ അവസരം നല്‍കാത്തതിനെതിരെ സിബല്‍ പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ചു. 'ഗുലാം നബി ആസാദ് പരിചയ സമ്പന്നനായ പൈലറ്റാണ്. അദ്ദേഹത്തിന് എഞ്ചിനിലെ തകരാര്‍ കണ്ടെത്താനും പരിഹാരം കാണാനും സാധിക്കും.

എല്ലാ സംസ്ഥാനങ്ങളിലെയും കോണ്‍ഗ്രസിന്റെ അടിത്തറ അറിയുന്ന നേതാവാണ് അദ്ദേഹം. അദ്ദേഹത്തെ പാര്‍ലമെന്റില്‍ നിന്ന് മോചിപ്പിക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് സങ്കടമുണ്ടായി. പാര്‍ലമെന്റില്‍ നിന്ന് പോകാന്‍ ഞങ്ങള്‍ അദ്ദേഹത്തെ  അനുവദിക്കുന്നില്ല. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ അനുഭവം ഉപയോഗിക്കാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല' കപില്‍ സിബല്‍ പറഞ്ഞു.

കപില്‍ സിബലിന് പുറമെ കോണ്‍ഗ്രസ് നേതൃത്വത്തെ തിരുത്താന്‍ ശ്രമിച്ച ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി, ഭൂപീന്ദര്‍ ഹൂഡ തുടങ്ങിയ നേതാക്കളും ജമ്മുകശ്മീരില്‍ രണ്ടു ദിവസങ്ങിലായി നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. 

'കഴിഞ്ഞ ഒരു ദശകത്തില്‍ കോണ്‍ഗ്രസ് ദുര്‍ബലമായി. പാര്‍ട്ടിയുടെ നന്മയ്ക്കാണ് ഞങ്ങളുടെ ശബ്ദം. എല്ലായിടത്തും ഇത് വീണ്ടും ശക്തിപ്പെടുത്തണം. പുതിയ തലമുറയെ പാര്‍ട്ടിയുമായി ബന്ധിപ്പിക്കണം കോണ്‍ഗ്രസിന്റെ നല്ല ദിവസങ്ങള്‍ ഞങ്ങള്‍ കണ്ടു. പ്രായമാകുമ്പോള്‍ ഇത് ദുര്‍ബലമാകുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല' ആനന്ദ് ശര്‍മ്മ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. 

Content Highlights: The truth is that we see Congress party getting weak-Congress leader Kapil Sibal in Jammu