Tara K Simonന്യൂഡല്‍ഹി: ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജില്‍ ഡോ.താര കെ.സൈമണിനെ പ്രിന്‍സിപ്പള്‍ ആയി നിയമിച്ചതിന് എതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. മഹാത്മാ ഗാന്ധി സര്‍വകലാശാലയും, കോളേജ് മാനേജരും നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയത്.

2018ലാണ് ബോട്ടണി വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസറായ ഡോ.താരയെ പ്രിന്‍സിപ്പാള്‍ ആയി നിയമിച്ചത്. എന്നാല്‍ യു.ജി.സിയുടെ 2016 ലെ റെഗുലേഷന്‍ പ്രകാരമുള്ള യോഗ്യത താരയ്ക്ക് ഇല്ലെന്ന് മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയ്ക്ക് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്തയും, ജി.പ്രകാശും കോടതിയില്‍ വാദിച്ചു. സര്‍വകലാശാലയുടെ അംഗീകാരം ഇല്ലാത്ത ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധമാണ് ഹാജരാക്കിയത്. വിദേശത്ത് പങ്കെടുത്ത രാജ്യാന്തര സെമിനാറിന്റെ ക്ഷണക്കത്ത് ഹാജരാക്കിയില്ലെന്നും മഹാത്മാ ഗാന്ധി അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.

സര്‍വകലാശാലയുടെ വാദങ്ങളോട് യോജിക്കുന്ന നിലപാടാണ് കോളേജ് മാനേജര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ റോമി ചാക്കോയും കോടതിയില്‍ സ്വീകരിച്ചത്. ചില വിവരാവകാശ രേഖകള്‍ ഹാജരാക്കാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ സര്‍വ്വകലാശാലയുടെയും, മാനേജരുടെയും വാദം തെറ്റാണെന്ന് ഡോ താര കെ.സൈമണ് വേണ്ടി ഹാജരായ അഭിഭാഷകന്‍ കുര്യാക്കോസ് വര്‍ഗീസ് ചൂണ്ടിക്കാട്ടി. യുണിവേഴ്‌സിറ്റി സ്‌കോര്‍ കണക്കാക്കിയതില്‍ നഗ്നമായ തെറ്റുകള്‍ സംഭവിച്ചുവെന്നും അദ്ദേഹം വാദിച്ചു.

സര്‍വകലാശാലയുടെയും മാനേജരുടേയും വാദം സ്വീകാര്യമല്ലെന്നും നിയമനം അംഗീകരിച്ച ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നും ഹര്‍ജി തള്ളി കൊണ്ട്  സുപ്രീം കോടതി വ്യക്തമാക്കി. 
താരാ സൈമണ് വിരമിക്കാന്‍ ഇനി എട്ട് മാസം മാത്രമേ ഉള്ളൂവെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഹര്‍ജി തള്ളിക്കൊണ്ട് ചൂണ്ടിക്കാട്ടി.