വാരണാസി: തറക്കല്ലിടുക മാത്രമല്ല, തുടങ്ങി വച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയില്‍ വഡോദര മഹാമന എക്സ്പ്രസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മോദി കോണ്‍ഗ്രസിനെതിരെ പരോക്ഷ പരിഹാസമുയര്‍ത്തിയത്. 

ഞങ്ങള്‍ തറക്കല്ലിട്ട പദ്ധതികള്‍ ഞങ്ങള്‍ തന്നെ ഉദ്ഘാടനം ചെയ്യും. ഉത്തര്‍പ്രദേശിലെ പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് വലിയ സാമ്പത്തിക പുരോഗതി ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

'വികസനമാണ് എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം.അതുകൊണ്ട് തന്നെ പൗരന്മാര്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കുന്നതിനുള്ള സഹായമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന പദ്ധതികളെല്ലാം ജനങ്ങളുടെ ക്ഷേമത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. ഇന്ത്യയില്‍ നിന്നും ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനാണ് സര്‍ക്കാരിന്റെ ശ്രമം'. ഇന്ത്യ വികസനത്തിലേക്ക് കുതിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ലോകസഭ തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നിന്നും ബറോഡയില്‍ നിന്നുമാണ് ഞാന്‍ മത്സരിച്ചത്. രണ്ട് മണ്ഡലങ്ങളില്‍ നിന്നും ഞാന്‍ വിജയിച്ചു. ബറോഡയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ നിരവധി പേരുണ്ട്. അതുകൊണ്ട് വാരണാസിയില്‍ മാത്രമാണ് ഞാനിപ്പോള്‍ ശ്രദ്ധ ചെലുത്തുന്നത്. തന്റെ സമയം വാരണാസിയില്‍ ചെലവഴിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. 

വാരണാസിയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ആദിത്യനാഥ് സര്‍ക്കാരിനോട് താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിന്റെ സര്‍വോന്മുഖ വികസനത്തിനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും പറഞ്ഞു.