
മായാവതി | Photo: UNI
ലഖ്നൗ:ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഇരുപതുകാരിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയ ജില്ലാ മജിസ്ട്രേറ്റിനെതിരെ നടപടിയെടുക്കാത്ത യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി. സംസ്ഥാനസര്‍ക്കാരിന്റെ മൗനം ദുഃഖകരമാണെന്ന് അവര്‍ പറഞ്ഞു.
ജില്ലാ മജിസ്ട്രേറ്റ് തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്ന് യുവതിയുടെ കുടുംബം ആരോപിക്കുമ്പോള്‍ എങ്ങനെയാണ് ഇക്കാര്യത്തില്‍ നിഷ്പക്ഷമായ ഒരു അന്വേഷണം നടത്താനാവുക എന്നും അവര്‍ ചോദിച്ചു.
'ഇരയുടെ കുടുംബത്തെ ഹാഥ്റസ് ജില്ലാ മജിസ്ട്രേറ്റ് ഭീഷണിപ്പെടുത്തുന്നതായി ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നിട്ടും യുപി സര്‍ക്കാര്‍ നിശബ്ദത തുടരുകയാണ്. അത് ദുഃഖകരവും വളരെയധികം വ്യാകുലപ്പെടുത്തുന്നതുമാണ്. സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തിന് സമ്മതിച്ചെങ്കിലും ഡിഎം അവിടെത്തന്നെയുണ്ട്. ഇക്കാര്യം എങ്ങനെ നിഷ്പക്ഷമായി അന്വേഷിക്കും? ആളുകള്‍ക്ക് ഭയം തോന്നുന്നു.'മായാവതി ട്വീറ്റ് ചെയ്തു.
കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ പിതാവിനെ ജില്ലാ മജിസ്ട്രേറ്റ് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നത്. ഞങ്ങള്‍ മാത്രമേ എല്ലായ്പ്പോഴും കൂടെയുണ്ടാകൂ, പ്രസ്താവന മാറ്റണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങള്‍ തന്നെയാണ്. നിങ്ങള്‍ക്കത് മാറ്റാന്‍ കഴിയും എന്നായിരുന്നു മജിസ്ട്രേറ്റ് യുവതിയുടെ പിതാവിനോട് പറഞ്ഞത്.
യുവതി കോവിഡ് ബാധിച്ച് മരിച്ചതാണെന്ന് പറയാന്‍ ആവശ്യപ്പെട്ട് തങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതായി പിന്നീട് യുവതിയുടെ സഹോദരി ആരോപിച്ചിരുന്നു.
Content Highlights: The silence of the UP government is sad and very worrying Says Mayawati
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..