ഫോട്ടോ: AFP
രാജ്യത്ത് പ്രകടമായ കോവിഡ് മൂന്നാംതരംഗം പരമാവധി മൂന്നാഴ്ചകൂടി മാത്രമേ നീണ്ടുനില്‍ക്കൂവെന്ന് റിപ്പോര്‍ട്ട്. എസ്.ബി.ഐയുടെ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്.
മൂന്നാംതരംഗത്തില്‍ കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പതിനഞ്ചുജില്ലകളില് വേഗത്തില്‍ തന്നെ കേസുകള്‍ കുറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് മൂന്നാംതരംഗം മൂന്നാഴ്ചത്തേക്ക് കൂടി മാത്രമേ തുടരൂ എന്ന് റിപ്പോര്‍ട്ട് സമര്‍ഥിക്കുന്നത്. ബുധനാഴ്ച 2.82 ലക്ഷം പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 18,31,000 ആയി ഉയര്‍ന്നു. കഴിഞ്ഞ 232 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.
20,971 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജനുവരി ഏഴിനാണ് മുംബൈയില്‍ മൂന്നാംതരംഗം മൂര്ധന്യത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശങ്ങളിലൊന്ന്. പുണെ, ബെംഗളുരു എന്നിവിടങ്ങളില്‍ ഇപ്പോഴും പുതിയ കേസുകള്‍ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുളളത്. മറ്റു ജില്ലകള്‍ വ്യാപനം നിയന്ത്രിക്കുന്നതിന് ആവശ്യമായ കര്‍ശന നിയന്ത്രണങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ രണ്ട്-മൂന്ന് ആഴ്ചകള്‍ക്കുളളില്‍ രാജ്യത്ത് മൂന്നാംതരംഗം അതിന്റെ മൂര്‍ധന്യത്തിലെത്തും. പ്രധാനപ്പെട്ട പത്തുനഗരങ്ങള്‍ ഉള്‍പ്പടെയുളള 15 ജില്ലകളില്‍ 2022 ജനുവരിയില്‍ പുതിയ കേസുകളില്‍ വന്‍കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2021 ഡിസംബറില്‍ 67.9 ശതമാനം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ജനുവരി ആയതോടെ ഇത് 37.4 ശതമാനത്തിലേക്ക് എത്തിയിരുന്നു.
വാക്സിനേഷന് വിതരണത്തെ സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ആന്ധ്രപ്രദേശ്, ഡല്‍ഹി, ഗുജറാത്ത്, കര്‍ണാടക, കേരള, മധ്യപ്രദേശ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ 70 ശതമാനത്തിലധികം ആളുകള്‍ രണ്ടുഡോസ് വാക്സിന് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ പഞ്ചാബ്, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ വാക്സില്‍ വിതരണം ഇഴഞ്ഞുനീങ്ങുകയാണ്.
മുംബൈക്ക് സമാനമായി ഡല്‍ഹിയിലും മൂന്നാംതരംഗം അതിന്റെ മൂര്ധന്യത്തിലെത്തിക്കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ദേശീയതലത്തില്‍ മൂന്നാതരംഗം രൂക്ഷമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.
മറ്റുരാജ്യങ്ങളില്‍ കേസുകള്‍ ഉയര്‍ന്നാല്‍ 54 ദിവസത്തിനുളളിലാണ് കോവിഡ് കേസുകള്‍ രൂക്ഷമാകുന്നത്. രാജ്യം കോവിഡിന്റെ രണ്ടാംതരംഗം അഭിമുഖീകരിച്ച 2021 ഏപ്രില്‍-മെയ് മാസത്തില്‍ വിവിധ ദിവസങ്ങളിലാണ് കേസുകള്‍ രൂക്ഷമായത്. മുംബൈയിലാണ് രണ്ടാംതരംഗം ആദ്യം രൂക്ഷമായത്. തുടര്‍ന്ന് 26 ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്ത് രണ്ടാംതരംഗം അതിന്റെ മൂര്‍ധന്യത്തിലെത്തി.
Content Highlights: The SBI Research report about third wave
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..