ന്യൂഡല്‍ഹി:  മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഉള്ള ഉത്തരവിന് എതിരെ ജയിന്‍ ഹൗസിങ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഉള്ള ഉത്തരവ് നീതിയുക്തം അല്ല. പൊളിക്കല്‍ ദേശീയ നഷ്ടം ആണെന്നും തിരുത്തല്‍ ഹര്‍ജിയില്‍ പറയുന്നു.

2018 ല്‍ കേരളത്തില്‍ ഉണ്ടായ മഹാ പ്രളയത്തിന് കാരണം മരടിലെ തീരദേശ നിയമങ്ങള്‍ ലംഘിച്ച് കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആണെന്ന സുപ്രീം കോടതി ഉത്തരവിലെ പരാമര്‍ശം തെറ്റാണെന്ന് ആല്‍ഫാ വെഞ്ച്വേഴ്സ് ഫയല്‍ ചെയ്ത തിരുത്തല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2018 ഓഗസ്റ്റ് 14 ന് മുമ്പ് തന്നെ കേരളത്തിലെ അണകെട്ടുകള്‍ നിറഞ്ഞിരുന്നു. ഓഗസ്റ്റ് 14 -16 തീയ്യതികളില്‍ ഉണ്ടായ കനത്ത മഴയില്‍ കൂടുതല്‍ ജലം അണക്കെട്ടുകളില്‍ എത്തിയതോടെ പ്രതിസന്ധി മൂര്‍ച്ഛിച്ചു. 

പെട്ടെന്ന് ജലം തുറന്ന് വിട്ടതാണ് പ്രളയത്തിന് ഒരു കാരണം ആയത്. സംസ്ഥാനത്തെ 79 അണക്കെട്ടുകള്‍ ഫലപ്രദം ആയി ഉപയോഗിക്കാത്തതും, കനത്ത മഴയും ആണ് പ്രളയത്തിന് കാരണം ആയത് എന്ന്  കേരള ഹൈക്കോടതിയില്‍ അമിക്കസ് ക്യുറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടുണ്ട് എന്നും തിരുത്തല്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മരടിലെ തീരദേശ നിയമലംഘനം പഠിക്കാന്‍ സുപ്രീം കോടതി ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി നിക്ഷ്പക്ഷമായ അന്വേഷണം നടത്തിയിട്ടില്ല. കോടതിയുടെ അനുമതി ഇല്ലാതെ ആണ് തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി സമിതിയില്‍  നിന്ന് വിട്ട് നിന്നത്. പലപ്പോഴും ക്വാറം പോലും തികയാതെ ആണ് സമിതി യോഗം ചേര്‍ന്നത്. ജില്ലാ കളക്ടര്‍ പോലും പങ്കെടുക്കാത്ത യോഗങ്ങള്‍ ഉണ്ടായിരുന്നു.

തികച്ചും നിരുത്തരവാദപരമായാണ് മൂന്നംഗ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന് തിരുത്തല്‍ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ ആദ്യ സിറ്റിങ്ങിന് മുമ്പ് തന്നെ സാങ്കേതിക സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് അതേപടി പകര്‍ത്തി ആണ് കോടതിക്ക് കൈമാറിയത്. ഫ്‌ളാറ്റുകള്‍ നിലനില്‍ക്കുന്ന സ്ഥലം സി.ആര്‍.ഇസഡിന്റെ ഏത് മേഖലയില്‍ ആണെന്ന് പോലും വിദഗ്ദ്ധ സമിതി പരിശോധിച്ചില്ല എന്നും നിര്‍മ്മാതാക്കള്‍ കുറ്റപ്പെടുത്തുന്നു.

2011 ലെ തീര പരിപാലന വിജ്ഞാപനം പ്രകാരം തീരദേശ പരിപാലന പ്ലാനില്‍ ഉണ്ടായ മാറ്റങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്  കേരള തീരദേശ മാനേജ്മെന്റ് അതോറിറ്റിക്ക് അറിയാമായിരുന്നു. എന്നാല്‍ ഇവ സുപ്രീം കോടതിയില്‍ നിന്ന് മറച്ച് വച്ചു. ഫ്‌ളാറ്റുകള്‍ നിലനില്‍ക്കുന്ന സ്ഥലം നിലവില്‍ സി.ആര്‍.ഇസഡ് 2 ആണ്. പൊളിച്ച സ്ഥലത്ത് പുതിയ ഫ്‌ളാറ്റുകള്‍ കെട്ടിയാല്‍ അവ നിയമപ്രകാരം നിലനില്‍ക്കുന്നതാകുമെന്നും അഭിഭാഷകന്‍ മുഹമ്മദ് സാദിഖ് ഫയല്‍ ചെയ്ത തിരുത്തല്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് പുറമെ ഫ്‌ളാറ്റ് ഉടമകളും സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. നേരത്തെ ചില ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കാം എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ നിരീക്ഷണം നടത്തിയിരുന്നു എങ്കിലും, വിധിയില്‍ അത് രേഖപെടുത്തിയിരുന്നില്ല. തിരുത്തല്‍ ഹര്‍ജിയും ആദ്യം ജഡ്ജിമാരുടെ ചേമ്പറില്‍ ആകും പരിഗണിക്കുക. 

തിരുത്തല്‍ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ ജസ്റ്റിസ് നരിമാന്‍ ഉണ്ടാകുമോ ?

സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ ഉള്ള ആദ്യ രണ്ട് സീനിയര്‍ ജഡ്ജിമാരും, നേരത്തെ വിധി പ്രസ്താവിച്ച ബെഞ്ചിലെ അംഗങ്ങളും ആണ് തിരുത്തല്‍ ഹര്‍ജി പരിഗണിക്കുന്നത്. നിലവില്‍ ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ സീനിയോറിറ്റിയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഉള്ളത് ജസ്റ്റിസുമാരായ എന്‍.വി രമണയും, അരുണ്‍ മിശ്രയും ആണ്. 

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത് ജസ്റ്റിസ് അരുണ്‍ മിശ്രയും ജസ്റ്റിസ് നവീന്‍ സിന്‍ഹയും അടങ്ങുന്ന ബെഞ്ചാണ്. ഇരുവരും തിരുത്തല്‍ ഹര്‍ജി കേള്‍ക്കുന്ന ബെഞ്ചില്‍ അംഗങ്ങള്‍ ആയിരിക്കും. സീനിയോറിറ്റിയില്‍ മൂന്നാമന്‍ ആയ അരുണ്‍ മിശ്ര വിധി പ്രസ്താവിച്ച ജഡ്ജി എന്ന നിലയില്‍ തന്നെ തിരുത്തല്‍ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിലും അംഗമാകുന്ന സാഹചര്യത്തില്‍ സീനിയോറിറ്റിയില്‍ നാലാമന്‍ ആയ ജസ്റ്റിസ് റോഹിങ്ടന്‍ നരിമാനെ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുത്തുമോ എന്നാണ് അറിയേണ്ടത്.

മരടിലെ ഫ്‌ളാറ്റുകള്‍ക്ക് സമാനം ആയ ആരോപണം നേരിട്ട കൊച്ചിയിലെ ഡി.എല്‍.എല്‍.എഫ് ഫ്‌ളാറ്റുകള്‍ക്ക് പിഴ ഈടാക്കി നിയമവിധേയം ആക്കിയ വിധി പ്രസ്താവിച്ച ബെഞ്ചിന് നേതൃത്വം നല്‍കിയ ജഡ്ജി ആണ് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍. മരടിലെ ഫ്‌ളാറ്റുകളുമായി ബന്ധപ്പെട്ട കേസ് നേരത്തെ ഇദ്ദേഹം പരിഗണിച്ചിട്ടുമുണ്ട്.

Content Highlights: The reason for the great flood is not the flats in the Maradu, said Flat constructors to SC