ന്യൂഡൽഹി: ലഡാക്കിൽ ഇന്ത്യ- ചൈന അതിർത്തി തർക്കം തുടരുന്നതിനിടെ ടിബറ്റൻ ആത്മീയ നേതാവിന് ഭാരതരത്ന നൽകണമെന്ന ആവശ്യം കേന്ദ്ര സർക്കാർ പരിഗണിക്കുന്നു. സംഘപരിവാർ സംഘടനയായ ഭാരത്- ടിബറ്റ് സഹയോഗ് മഞ്ച് ആണ് ഇക്കാര്യം കേന്ദ്ര സർക്കാരിന് മുന്നിൽ അവതരിപ്പിച്ചത്. ടിബറ്റൻ വിഷയത്തിൽ ചൈനയ്ക്ക് കൃത്യമായ സൂചന നൽകാൻ ഇതിലൂടെ സാധിക്കുമെന്നാണ് സംഘടന വാദിക്കുന്നത്.

രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരമാണ് ഭാരതരത്ന. ചൈനയുടെ ടിബറ്റൻ അധിനിവേശത്തിന്റെ പ്രതീകമാണ് ദലൈലാമ. അങ്ങിനെയൊരാൾക്ക് ഭാരതരത്ന നൽകുന്നതിലൂടെ ചൈനയ്ക്ക് സന്ദേശം കൃത്യമായി നൽകാനാകുമെന്നാണ് ഭാരത്-ടിബറ്റ് സഹയോഗ് മഞ്ച് (ബി.ടി.എസ്.എം) വാദിക്കുന്നത്. ടിബറ്റൻ വംശജരെ ഉൾപ്പെടുത്തി ആര്‍.എസ്.എസ്. രൂപം കൊടുത്ത സംഘടനയാണ് ബി.ടി.എസ്.എം.

ഇവരുടെ നിർദ്ദേശം നിലവിലെ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണ്. ദലൈലാമയ്ക്ക് ഭാരതരത്ന നൽകുന്നത് ചൈനയുടെ രൂക്ഷമായ പ്രതിഷേധത്തിന് കാരണമാകും. അതിനാൽ എല്ലാ വിഷയങ്ങളും പരിഗണിച്ച് മാത്രമേ തീരുമാനമുണ്ടാകു. ലഡാക്കിലെ സംഘർഷസമാനമായ സാഹചര്യം ഇല്ലാതാക്കാൻ സൈനിക- നയതന്ത്ര ചർച്ചകളിലൂടെ ശ്രമിക്കുന്നതിനാൽ ചൈനയെ പ്രകോപിപ്പിക്കുന്ന ഒരു തീരുമാനം ഉടൻ വേണ്ടെന്ന ഉപദേശവും സർക്കാരിന് മുന്നിലുണ്ട്.

ചൈന ടിബറ്റ് കൈയടക്കിയതിന് പിന്നാലെ ടിബറ്റൻ തലസ്ഥാനമായ ലാസയിൽനിന്ന് അനുയായികളുമൊത്ത് ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. നിലവിൽ ഇന്ത്യയിലെ രാഷ്ട്രീയ അഭയത്തിലാണ് ഇദ്ദേഹവും അനുയായികളും. ജൂലൈ ആറിന് ദലൈലാമയുടെ പിറന്നാളാണ്. അന്ന് ഭരണകൂടത്തിന്റെ തലപ്പത്തുനിന്നുള്ള സന്ദേശവും സന്ദർശനവും ദലൈലാമയുടെ വസതിയിലേക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്.

മുൻ വിദേശകാര്യ സെക്രട്ടറി നിരുപം റാവുവും ദലൈലാമയ്ക്ക് ഭാരതരത്ന നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 2019-ൽ വിവിധ രാഷ്ട്രീയ കക്ഷികളിലെ എം.പിമാർ, ബി.ജെ.പി. നേതാവ് ശാന്ത കുമാറിന്റെ നേതൃത്വത്തിൽ കേന്ദ്രത്തിന് നിർദ്ദേശം സമർപ്പിച്ചിരുന്നു. ചരിത്രകാരനായ രാമചന്ദ്ര ഗുഹ, മുൻ ബംഗാൾ ഗവർണർ ഗോപാൽ കൃഷ്ണ ഗാന്ധി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തുടങ്ങിയവരും സമാന അഭിപ്രായമമുള്ളവരാണ്.

വിഘടനവാദിയെന്നാണ് ചൈന ദലൈലാമയെ വിശേഷിപ്പിക്കുന്നത്. ചൈനയെ വിഭജിക്കാനുള്ള ആശയങ്ങളാണ് അദ്ദേഹം നടപ്പിലാക്കുന്നതെന്നാണ് ചൈന ആരോപിക്കുന്നത്. 2016-ൽ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി അദ്ദേഹത്തെ രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിച്ചിരുന്നു. അന്ന് ചൈന വലിയ പ്രതിഷേധമാണ് ഉയർത്തിയത്.

Content Highlights:The proposal to confer Bharat Ratna to Dalai Lama