ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇന്നും 500 കടന്നു. 536 ആളുകളില്‍ ഇന്ന് വൈറസ് ബാധ കണ്ടെത്തിയതില്‍ 364 ആളുകളും ചെന്നൈയിലാണ്. കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മൂന്ന് പേര്‍ കൂടി മരിച്ചു. എല്ലാവരും ചെന്നൈ സ്വദേശികള്‍. മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നവരാണ് ഇന്നും മരണത്തിന് കീഴടങ്ങിയത്. കോയമ്പേട് നിന്നുള്ള രോഗവ്യാപനമാണ് സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്‍പ്പെടെ ആളുകള്‍ കോയമ്പേട് മാര്‍ക്കറ്റില്‍ എല്ലാ ദിവസവും വന്ന പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ മഹാരാഷ്ട്രയിലും ഗുജറാത്തിലുമെല്ലാം കണ്ട തരത്തിലുള്ള കൊറോണ വൈറസിന്റെ വ്യാപനമാണ് കോയമ്പേട് ഉറവിടമായി നടക്കുന്നത് എന്ന സംശയവുമുണ്ട്. ചെന്നൈ എംജിആര്‍ നഗര്‍ മാര്‍ക്കറ്റിലും രണ്ട് തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് 150 പേരെ നിരീക്ഷണത്തിലാക്കി. കോവിഡ് കാരണം അടച്ചിടുന്ന തമിഴ്നാട്ടിലെ നാലാമത്തെ മാര്‍ക്കറ്റാണിത്. ആദ്യം കോയമ്പേട്. പിന്നെ തിരുവാണ്‍മിയൂര്‍. അതു കഴിഞ്ഞ് കുഭകോണം മാര്‍ക്കറ്റ്. ഇപ്പോള്‍ എംജിആര്‍ നഗര്‍.

സംസ്ഥാനത്ത് പലയിടങ്ങളില്‍ നാടുകളിലേക്ക് പോകണം എന്നാവശ്യപ്പെട്ട് ഇന്നും ഇതര സംസ്ഥാനത്തൊഴിലാളികള്‍ പ്രതിഷേധിച്ചു. മുഖ്യമന്ത്രി  എടപ്പാടി പളനിസ്വാമിയുടെ മണ്ഡലമായ സേലത്ത് പ്രതിഷേധിച്ച തൊഴിലാളികളെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. കേരളാ അതിര്‍ത്തിയിലെ കോയമ്പത്തൂര്‍,തിരുപ്പൂര്‍ എന്നിവിടങ്ങളിലും ഈറോഡ്, നാമക്കല്‍ എന്നീ ജില്ലകളിലും ഇപ്പോള്‍ ഒരു കോവിഡ് രോഗിയുമില്ല എന്ന ആശ്വാസമുണ്ട് തമിഴ്നാട്ടില്‍ നിന്ന്. ആദ്യഘട്ടത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം ഏറെയുള്ള ജില്ലകളായിരുന്നു കോയമ്പത്തൂരും ഈറോഡും. ഇതില്‍ ഈറോഡിലെ സ്ഥിതി അതീവ ഗുരുതരവുമായിരുന്നു. അവിടെ പല തെരുവുകളും സമ്പൂര്‍ണമായി അടച്ചിട്ടു. 234 പേര്‍ കോവിഡ് ഭേദമായി ഇന്ന് ആശുപത്രി വിട്ടു. 11760 പേര്‍ക്കാണ് സംസ്ഥാനത്ത ഇന്ന് വരെ കോവിഡ് ബാധിച്ചത്. കന്യാകുമാരിയിലും തേനിയിലും ഇന്നും പുതിയ കോവിഡ് കേസുകളുണ്ട്്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 50 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിച്ച് തുടങ്ങി. രോഗം പടരുന്ന സാഹചര്യമുള്ളതിനാല്‍ റെഡ്‌സോണിലുള്ള 12 ജില്ലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കില്ല.

കര്‍ണാടകയില്‍ ഇന്ന് 99 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ദക്ഷിണേന്ത്യയിലെ കോവിഡ് അതിവേഗം പടരുന്ന മറ്റൊരു സംസ്ഥാനമായി മാറുകയാണ് കര്‍ണാടക. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ അത് വ്യക്തമാക്കുന്നു. ഇന്നത്തെ ഭൂരിപക്ഷം വൈറസ് ബാധിതരും മുംബൈ ചെന്നൈ എന്നീ നഗരങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. ബംഗളൂരുവില്‍ 24 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധയുണ്ടായത്. നഗരത്തിലെ ശിവാജി നഗര്‍ ക്ലസ്റ്ററില്‍ നിന്ന് 15 പേര്‍ക്ക് കൂടി വൈറസ് പകര്‍ന്നു. രണ്ടു ദിവസം മുന്‍പ് കോവിഡ് മുക്തമായ മൈസൂരു ജില്ലയില്‍ 17 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 530 പേരാണ് ഇതുവരെ സംസ്ഥാനത്ത് രോഗമുക്തി നേടിയത്.

ആന്ധ്രാപ്രദേശില്‍ ഇന്ന് 52 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ ആകെ രോഗബാധിതര്‍ 2432 ആയി. കര്‍നൂല്‍ ജില്ലയിലാണ് സംസ്ഥാനത്ത് വൈറസ് വ്യാപനം അധികം.

Content Highlight:  The number of Covid patients in Tamil Nadu has crossed 500 today