-
കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ട്വിറ്റര്‍ ഉപയോക്താക്കളെല്ലാം ഒരു ബിനോദിന് പിറകെയാണ്. എന്തിനും ഏതിനും മറുപടി ബിനോദ്. ബിനോദിനെ ചുറ്റിപ്പറ്റിയുളള മീമുകളും തമാശകളും കൊണ്ട് ട്വിറ്റര്‍ നിറഞ്ഞു. ബ്രാന്‍ഡുകളും സോഷ്യല്‍മീഡിയാ ഉപയോക്താക്കളും എന്തിന് മുംബൈ, നാഗ്പുര്‍, ജയ്പുര്‍, ഉത്തര്‍പ്രദേശ് പോലീസ് വരെ ട്വിറ്ററില്‍ ബിനോദിന്റെ പിറകേ പാഞ്ഞു.
'പ്രിയ ബിനോദ്, നിങ്ങളുടെ പേര് നിങ്ങളുടെ ഓണ്‍ലൈന്‍ പാസ്വേഡ് അല്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പേര് വൈറലാണ്, പാസ്വേഡ് ഇതാണെങ്കില്‍ ഉടനടി മാറ്റുക' എന്ന് മുംബൈ പോലീസ് മുന്നറിയിപ്പും നല്‍കി. ഇതോടെ സംഗതി വീണ്ടും വൈറലായി. ആരാണ് ബിനോദെന്നറിയാത്തവര്‍ ബിനോദിന് വേണ്ടിയുളള തിരച്ചിലും ആരംഭിച്ചു.
യൂട്യൂബ് ചാനലായ സ്ലേ പോയന്റിന്റെ ഒരു വീഡിയോയില്‍ നിന്നാണ് സംഗതിയുടെ തുടക്കം. അഭ്യുദയ, ഗൗതമി എന്നിവര്‍ ചേര്‍ന്ന് എന്തുകൊണ്ടാണ് യൂട്യൂബ് വീഡിയോയുടെ കമന്റ് സെക്ഷനില്‍ അസംബന്ധ കമന്റുകള്‍ വരുന്നതെന്നതിനെ കുറിച്ചുളള ഒരു അവലോകന വീഡിയോ ചെയ്തു. എന്തുകൊണ്ടാണ് ഇന്ത്യന്‍ കമന്റ് സെക്ഷന്‍ ഇത്ര അസംബന്ധം (ബിനോദ്)? (why Indian Comments Section is Garbage (BINOD))എന്ന പേരിലായിരുന്നു വീഡിയോ. തങ്ങള്‍ക്ക് ലഭിച്ച നിരവധി കമന്റുകള്‍ പരാമര്‍ശിച്ചുകൊണ്ടുളള വീഡിയോയില്‍ ബിനോദ് ഥാരു എന്ന് പേരുളള ഒരു ഉപയോക്താവ് ബിനോദ് എന്നുമാത്രം കമന്റ് ചെയ്തതും അവര്‍ പരാമര്‍ശിച്ചിരുന്നു.
ജൂലായ് 15-നാണ് ഇവര്‍ വീഡിയോ അപ് ചെയ്യുന്നത്. കുറച്ചുനിമിഷങ്ങള്‍ കൊണ്ട് വീഡിയോ വൈറലായി. വീഡിയോക്കൊപ്പം ബിനോദും വൈറലായി. കമന്റ് സെക്ഷന്‍ മുഴുവന്‍ ആളുകള്‍ ബിനോദ് എന്ന കമന്റിട്ടു. യുട്യൂബും കടന്ന് ബിനോദ് ട്വിറ്ററിലുമെത്തി. ബിനോദ് എന്ന പേരുവെച്ച് മീമുകള്‍ പുറത്തിറങ്ങി. എയര്‍ടെല്‍, പേടിഎം എന്നിവയുള്‍പ്പടെ ബിനോദിനെ ഏറ്റെടുത്തു. വരുന്ന എല്ലാ കോളുകള്‍ക്കും ഹലോ എന്നതിന് പകരം ആ ബിനോദ് പറയൂ എന്നാക്കാമെന്നായിരുന്നു എയര്‍ടെല്ലിന്റെ ട്വീറ്റ്.
ഒടുവില്‍ സംഗതി പിടികിട്ടാത്ത ചിലര്‍ ബിനോദാരാണെന്ന് അന്വേഷിച്ചുതുടങ്ങിയപ്പോഴാണ് ബിനോദിനെ കുറിച്ചുളള കഥകള്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ തന്നെ പങ്കുവെക്കുന്നത്. സമാനമായ രീതിയില്‍ കഴിഞ്ഞ വര്‍ഷം 'ജെസിബി കി ഖുദായ്'എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു.
Content Highlights: The mystery behind BINOD, the youtube comment went viral on twitter


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..