ന്യൂഡല്‍ഹി: റഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ ആന്‍ഡ് സ്‌പേസ് ഷോയില്‍ പ്രശംസ നേടി ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ സംഘം. നവീകരിച്ച നാല് ധ്രുവ് ഹെലികോപ്ടറുകളുമായാണ് 'സാരംഗ്' വ്യോമാഭ്യാസ പ്രദര്‍ശനത്തില്‍ മനം കവര്‍ന്നത്. ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിന്റെ സംസ്‌കൃത പദമാണ് 'സാരംഗ്'. പീലി വിടര്‍ത്തിയാടുന്ന മയിലിനെ സാരംഗിന്റെ പ്രകടനം അക്ഷരാര്‍ഥത്തില്‍ അനുസ്മരിപ്പിച്ചു. 

MAKS അഥവാ Mezhdunarodnyj Aviatsionno-Kosmicheskij Salon എന്നിയപ്പെടുന്ന റഷ്യന്‍ വ്യോമാഭ്യാസ പ്രദര്‍ശനം രണ്ട് കൊല്ലത്തിലൊരിക്കലാണ് നടക്കുന്നത്. പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഏക റോട്ടറി വിങ് ഡിസ്‌പ്ലേ ടീമെന്ന നിലയില്‍ സാരംഗ് കാഴ്ചക്കാരെ വിസ്മയിപ്പിച്ചു. തെളിഞ്ഞ ആകാശത്തില്‍ ഏകക്രമത്തില്‍ നീങ്ങുന്ന സാരംഗിലെ അഡ്വാന്‍സ് ലൈറ്റ് ഹെലികോപ്ടറുകളുടെ പ്രകടനം കണ്ണിമ ചിമ്മാതെയാണ് കാണികള്‍ ആസ്വദിച്ചത്. 

മുകള്‍ വശത്ത് ചുവന്ന നിറവും താഴെ മയില്‍പ്പീലി ചിത്രങ്ങളും സാരംഗ് ഹെലികോപ്ടറുകള്‍ക്ക് പ്രൗഡമായ ഭംഗി നല്‍കുന്നു. ടീമംഗങ്ങളുടെ യൂണിഫോമിനും ചുവപ്പ് നിറമാണ്. ജൂലായ് 25 വരെയാണ് MAKS സംഘടിപ്പിച്ചത്. മോസ്‌കോയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള സുവോസ്‌കിയിലായിരുന്നു പ്രദര്‍ശനം. അടിപൊളി കമന്ററിയും പശ്ചാത്തലസംഗീതവും വ്യോമാഭ്യാസപ്രദര്‍ശനത്തെ അവിസ്മരണീയമാക്കുന്ന സംഗതികളാണ്. 

നിരന്തരമായ പരിശീലനത്തിലൂടെയാണ് ഹെലികോപ്ടറുകളുടെ ഒരേ തരത്തിലുള്ള പറക്കല്‍ പരിശീലിക്കുന്നത്. റോട്ടറി വിങ് പറക്കലില്‍ അസ്ഥിരത ഉണ്ടാക്കുമെന്നതിനാല്‍ മറ്റു വിമാനങ്ങളെ അപേക്ഷിച്ച് ഹെലികോപ്ടറുകളുടെ ഏകക്രമമായ നീക്കം കുറച്ച് പ്രയാസകരമാണ്. ആത്മവിശ്വാസവും സംഘത്തിലെ മറ്റ് അംഗങ്ങളിലുള്ള വിശ്വാസവും യന്ത്രത്തിലുള്ള വിശ്വാസവുമാണ് സാരംഗിന്റെ അടിത്തറ. ഹെലികോപ്ടറുകളുടെ പ്രവര്‍ത്തനക്ഷമത കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും ചെയ്യും. 

 

Content Highlights: The Indian 'Peacock' Sarang Bedazzled At A Russian Air Show