-
ന്യൂഡല്‍ഹി: ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള മാര്‍ഗരേഖ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം പുറത്തിറക്കി. ഇതുപ്രകാരം ആരാധനാലയത്തിലെ വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കില്ല. പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ലെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. മെയ് 30-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ അണ്‍ലോക്ക് 1 ന്റെ ഭാഗമായി ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പുറത്തിറക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
- ആരാധനാലയത്തിലെ വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കരുത്
- പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്‍കാന്‍ പാടില്ല
- സമൂഹ പ്രാര്‍ത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവര്‍ക്കും ആയി ഒരു പായ അനുവദിക്കില്ല
- കോവിഡ് രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ ആരാധനാലയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ
- പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാന്‍ സംവിധാനം ഉണ്ടാകണം.
- മാസ്‌കുകള്‍ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്
- ഒരുമിച്ച് ആള്‍ക്കാരെ പ്രവേശിപ്പിക്കരുത്
- ആരാധനാലയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കൈയും കാലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം
- പാദരക്ഷകള്‍ കഴിവതും വാഹനങ്ങളില്‍ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പ്രത്യേകമായാണ് വയ്‌ക്കേണ്ടത്. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഒരുമിച്ച് പാദരക്ഷകള്‍ വയ്ക്കാം.
- ക്യുവില്‍ സാമൂഹിക അകലം ഉറപ്പാക്കണം. ആറടി അകലം ഉണ്ടാകണം
- ആരാധനാലയത്തിന് പുറത്ത് ഉള്ള കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം
- ആരാധനാലയത്തിന് പുറത്തേക്ക് പോകാന്‍ പ്രത്യേക വഴി ഉണ്ടാകണം
- വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകള്‍ അനുവദിക്കരുത്.
- പരാമാവധി റെക്കോര്‍ഡ് ചെയ്ത ആത്മീയ ഗാനങ്ങളും, വാദ്യമേളങ്ങളും ആണ് ഉപയോഗിക്കേണ്ടത്. തത്സമയ ചടങ്ങുകള്‍ അനുവദിക്കരുത്.
- ആരാധനാലയം കൃത്യമായ ഇടവേളകളില്‍ കഴുകുകയും, അണുവിമുക്തമാക്കുകയും വേണം
- ആര്‍ക്കെങ്കിലും ആരാധനാലയത്തില്‍ വച്ച് അസുഖ ബാധിതര്‍ ആയാല്‍, അവരെ പെട്ടെന്ന് ഒരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ ആരാധനാലയം അണുവിമുക്തമാക്കണം.
- 65 വയസ്സ് കഴിഞ്ഞവരും, 10 വയസ്സിന് താഴെ ഉള്ളവരും, ഗര്‍ഭിണികളും, മറ്റ് അസുഖങ്ങള്‍ ഉള്ളവരും വീടുകളില്‍ തന്നെ കഴിയണം. ആരോഗ്യ സംബന്ധമായ അടിയന്തര ആവശ്യങ്ങള്‍ ഇല്ലെങ്കില്‍ അവര്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് വരരുത്.
Content Highlights: The Home Ministry released the guidelines for opening of places worship
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..