ര്‍ഷം 2016, ചാന്ദ്‌നി ചന്ദ്രന്‍ എന്ന പെണ്‍കുട്ടി അന്ന് സിവില്‍ സര്‍വീസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളില്‍ ഒരാള്‍ മാത്രമായിരുന്നു. പരീക്ഷാഫലം പ്രതീക്ഷിച്ചിരിക്കുന്ന ദിവസങ്ങളിലെ സമ്മര്‍ദം മൂലമാണ് ആണ്‍സുഹൃത്തിനൊപ്പം ഒന്നു നടക്കാനിറങ്ങിയത്. നഗരത്തില്‍ അന്ന് പെയ്ത മഴയില്‍ ഇരുവരും ഒരു കുടക്കീഴിലാണ്‌ നടന്നത്.. പിന്നീട് ഉണ്ടായ സംഭവങ്ങളെക്കുറിച്ച്  ചാന്ദ്‌നി ട്വിറ്ററില്‍ കുറിച്ചതിങ്ങനെ.. 

മെയ് 10, 2016 സിവില്‍ സര്‍വീസ് പരീക്ഷാഫലം പുറത്തുവരാനിരിക്കുന്ന ദിവസങ്ങള്‍. കടുത്ത സമ്മര്‍ദമകറ്റാനാണ് ആണ്‍സുഹൃത്തായ അരുണ്‍ സുദര്‍ശനൊപ്പം പുറത്തിറങ്ങിയത്. അന്ന് നല്ല മഴ ഉണ്ടായിരുന്നു. ഒരേ കുടയില്‍ ഞങ്ങള്‍ ചേര്‍ന്നു നടന്നു. പരീക്ഷാഫലം അന്നുതന്നെ പ്രഖ്യാപിച്ചു. പക്ഷെ ആ തവണ വിജയികളുടെ പട്ടികയില്‍ ചാന്ദ്‌നിയുടെ പേരുണ്ടായിരുന്നില്ല. പക്ഷെ ആശ്ചര്യമെന്ന് പറയട്ടേ, അടുത്ത ദിവസത്തെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ ചാന്ദ്‌നിയുടെ ചിത്രം അച്ചടിച്ചു വന്നു. ! യുപിഎസ്‌സി റാങ്കുകാരുടെ ചിത്രത്തിന് തൊട്ടടുത്ത് തന്നെ.. 

പക്ഷെ ഒരേസമയം അമ്പരപ്പും ഞെട്ടലും നല്‍കിയ ആ ഫോട്ടോ നഗരത്തില്‍ തലേദിവസം പെയ്ത മഴയുടെ വാര്‍ത്തയ്‌ക്കൊപ്പമാണ് വന്നതെന്ന് മാത്രം. കടുത്ത വേനലിന് ശമനമേകി വന്ന മഴയ്ക്ക് പത്രം നല്‍കിയ ചിത്രമാവട്ടെ, ഒരേ കുടയില്‍ ചേര്‍ന്ന് യാത്ര ചെയ്യുന്ന പ്രണയിനികളുടെ ഫോട്ടോ.. 

അന്ന് അരുണ്‍ സുദര്‍ശനും ചാന്ദ്‌നിയും വിവാഹിതരായിരുന്നില്ല. അതുകൊണ്ടുതന്നെ അരുണ്‍ സുദര്‍ശന്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ഓഫീസിലേക്ക് വിളിച്ച് പരാതിപ്പെട്ടു. വിവാഹിതാരാവാത്ത രണ്ട് പേരുടെ ഫോട്ടോ പത്രത്തില്‍ അച്ചടിച്ച് വന്നതുകൊണ്ട് പിന്നീട് എന്ത് സംഭവിച്ചു!? 'ട്വിറ്ററിലെ ചോദ്യങ്ങള്‍ ചാന്ദ്‌നി മറുപടി നല്‍കിയത് ഇങ്ങനെ.. പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല,എന്നാല്‍ കുടുംബത്തില്‍ അസുഖകരമായ ചില സംഭാഷണങ്ങള്‍ക്ക് ആ ഫോട്ടോ കാരണമായി.  

അടുത്ത വര്‍ഷം ചാന്ദ്‌നി സിവില്‍ സര്‍വീസ് പരീക്ഷ പാസായി. 2017ലെ ഐഎഎസ് ബാച്ചിലെ ഉദ്യോഗസ്ഥയായ ചാന്ദ്‌നി നിലവില്‍ ത്രിപുര സമഗഗ്രശിക്ഷാ അഭിയാന്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറാണ്‌. മൂന്ന് വര്‍ഷം മുന്‍പ് ചാന്ദ്‌നിയുടേയും അരുണ്‍ സുദര്‍ശന്റേയും വിവാഹവും നടന്നു. ഇരുവരും സന്തോഷകരമായി മുന്നോട്ടുപോവുന്നതിനിടെയാണ് ഈ സംഭവം ഓര്‍മ വന്നത്. അരുണ്‍ ഉടന്‍ തന്നെ ടൈംസ് ഓഫ് ഇന്ത്യയിലേക്ക് വിളിച്ചു, അന്നത്തെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ രാകേഷ് നായരെ ബന്ധപ്പെട്ടു. ഉടന്‍ തന്നെ ചിത്രത്തിന്റെ കോപ്പി ഇരുവര്‍ക്കും ലഭിച്ചു. 

ഇതുപോലെ കുട പിടിച്ച് അനന്തമായ സ്‌നേഹത്തോടെ നടക്കാന്‍ ഒരാള്‍ കൂടെയുണ്ടാവുമ്പോള്‍ ഏത് ലക്ഷ്യസ്ഥാനത്തേക്കും നടക്കാന്‍ എനിക്ക് കഴിയും എന്നാണ് മനോഹരമായ ജീവിതകഥ പങ്കുവെച്ചുകൊണ്ട് ചാന്ദ്‌നി കുറിച്ചത്. 

നിരവധി പേരാണ് ട്വിറ്ററില്‍ ഈ മനോഹരമായ കഥയ്ക്ക് പ്രതികരണവുമായെത്തിയത്. നിരവധി ഐഎഎസ്, ഐഎഫ്എസ് ഓഫീസര്‍മാരും ഇതിനോട് പ്രതികരിച്ചിട്ടുണ്ട്.  അന്ന് ആ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറായ രാകേഷ് നായര്‍ ട്വീറ്റിന് നടത്തിയ പ്രതികരണം ഇങ്ങനെ, "ഒരു മഴയുടെ ചിത്രത്തിന് പിന്നില്‍ ഇത്രയും അധികം മനോഹരമായ കഥയുണ്ടെന്ന് അഞ്ച് വര്‍ഷത്തിനിപ്പുറം അറിയുന്നത് പ്രത്യേക തരം അനുഭൂതിയാണ്.. ഇരുവര്‍ക്കും ആശംസകള്‍..

രാകേഷ്.."

Content Highlights: The Hilarious Story Behind IAS Officer's Pic With Husband