രാജേഷ് ഭൂഷൺ | Photo - ANI
ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കോവിഡ് വാക്സിന് ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്. രാജ്യത്തെ എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കാന്‍ എത്ര സമയമെടുക്കുമെന്ന് വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്..
വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ വാക്സിന്റെ കാര്യക്ഷമതയെ ആശ്രയിച്ചിരിക്കുമെന്ന് രാജേഷ് ഭൂഷണിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ ചങ്ങല മുറിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഒരുകൂട്ടം ആളുകള്‍ക്ക് വാക്സിന് നല്കി വൈറസ് വ്യാപനത്തിന്റെ ചങ്ങല മുറിക്കാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന് നല്‍കേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും ഡോ. ബല്‍റാം ഭാര്‍ഗവ ചൂണ്ടിക്കാട്ടി.
കോവിഡ് വാക്സിന് പരീക്ഷണങ്ങള്‍ ഡേറ്റ സേഫ്റ്റി മോണിറ്ററിങ് ബോര്‍ഡ് പ്രതിദിനം നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പറഞ്ഞു പരീക്ഷണത്തിനിടെ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന പ്രതികൂല സംഭവങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. സര്‍ക്കാരുമായോ വാക്സിന് നിര്‍മാതാവുമായോ ബന്ധമില്ലാത്ത സ്വതന്ത്ര ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്സ് കമ്മിറ്റിയാണ് പ്രതികൂല സംഭവങ്ങള്‍ ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഡ്രഗ് കണ്ട്രോളര് ജനറല്‍ എല്ലാ റിപ്പോര്‍ട്ടുകളും വിലയിരുത്തുന്നുണ്ട്. പ്രതികൂല സംഭവങ്ങള്‍ വാക്സിന് ലഭ്യമാകുന്ന സമയത്തെ ബാധിക്കില്ലെന്നും വാക്സിന് പരീക്ഷണത്തിനിടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ പ്രതികൂല സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നവംബര്‍ മാസത്തില്‍ പ്രതിദിനം പുതുതായി കോവിഡ് ബാധിച്ചവരുടെ ശരാശരി എണ്ണത്തെക്കാള്‍ കൂടുതലായിരുന്നു പ്രതിദിനം രോഗമുക്തി നേടിയവരുടെ ശരാശരി എണ്ണം. നവംബറിലെ ഓരോദിവസവും ശരാശരി 43,152 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. എന്നാല്‍ പ്രതിദിനം രോഗമുക്തി നേടിയവരുടെ ശരാശരി എണ്ണം 47,159 ആയിരുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പറഞ്ഞു.
14 കോടിയിലധികം കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. 6.69 ശതമാനമാണ് ദേശീയ തലത്തില്‍ പോസിറ്റിവിറ്റി നിരക്ക്. പത്ത് ലക്ഷത്തില്‍ എത്രപേര്‍ മരിക്കുന്നു (ഡെത്ത് പെര് മില്യണ്‍) എന്ന കണക്കില്‍ ഇന്ത്യ ഇപ്പോഴും ലോകത്ത് തന്നെ ഏറ്റവും താഴ്ന്ന നിലയിലാണ്. പത്ത് ലക്ഷത്തില്‍ എത്ര കേസുകള്‍ (പെര് മില്യണ്‍ കേസസ്) എന്നകാര്യത്തിലും ഇന്ത്യയുടെ നിരക്ക് താഴ്ന്നതാണ്.
കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയ പ്രതിദിന ശരാശരി പോസിറ്റിവിറ്റി നിരക്ക് 3.72 ശതമാനമാണ്. ലോകത്ത് വലിയ രാജ്യങ്ങള്‍ക്കിടയില്‍ കേസ് പെര് മില്യണ്‍ (പത്ത് ലക്ഷത്തില്‍ 211 കേസുകള്‍) കണക്കിലും ഇന്ത്യ താഴ്ന്ന നിലയിലാണ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് ബാധ വര്‍ധിക്കുന്നുവെന്നാണ് കഴിഞ്ഞ ഏഴ് ദിവസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും രാജേഷ് ഭൂഷണ് പറഞ്ഞു.
Content Highlights: The govt has never spoken about vaccinating the entire country - Health Secretary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..