കൊച്ചി:എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.

എഫ്.ഐ.ആര്‍ റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ക്രൈംബ്രാഞ്ചിന്റെ രണ്ട് എഫ്.ഐ.ആറുകളായിരുന്നു ഹൈക്കോടതി റദ്ദാക്കിയിരുന്നത്. സാക്ഷികളെ സ്വാധീനിക്കുന്ന തലത്തിലുള്ള പരാതികള്‍ ഉയര്‍ന്നു വന്നാല്‍ അക്കാര്യം പരിശോധിക്കേണ്ടത്‌ വിചാരണ കോടതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് ക്രൈംബ്രാഞ്ച് നടപടി റദ്ദാക്കിയത്.

കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണമല്ല ഇക്കാര്യത്തില്‍ വേണ്ടത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സാക്ഷികളെ പ്രേരിപ്പിച്ചുവെന്ന വളരെ ഗുരുതരമായ കുറ്റകൃത്യമാണ് പുറത്തേക്ക് വന്നത്. പോലീസിന്റെ അന്വേഷണം അനിവാര്യമാണ്. തെറ്റായ വ്യാഖ്യാനമാണ് സിംഗിള്‍ ബെഞ്ച് നടത്തിയിട്ടുള്ളതെന്നും സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിച്ച അപ്പീലില്‍ വ്യക്തമാക്കി.

സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്തായത് സംബന്ധിച്ച്‌ ഇ.ഡി.ഡെപ്യൂട്ടി ഡയറക്ടര്‍ തന്നെ നല്‍കിയ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ തയ്യാറാക്കിയതെന്നും സര്‍ക്കാര്‍ പറയുന്നു. 

ഇതിനിടെ റദ്ദാക്കിയ ക്രൈംബ്രാഞ്ച് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍  നടന്ന അന്വേഷണ റിപ്പോര്‍ട്ട് വിചാരണ കോടതിക്ക് കൈമാറണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഇ.ഡിയും സുപ്രീംകോടതിയെ സമര്‍പ്പിച്ചിട്ടുണ്ട്. സുപ്രീംകോടതി ഈ ഹര്‍ജി പരിഗണനക്ക് എടുത്തിട്ടില്ല.