റായ്പുര്‍: ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ ശനിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലിനിടെ മാവോവാദികളുടെ പിടിയിലായ കോബ്രാ കമാന്‍ഡോ രാകേശ്വര്‍ സിങ് മന്‍ഹാസിനെ മോചിപ്പിക്കാനുളള നടപടികള്‍ സ്വീകരിച്ച് ഛത്തീസ്ഗഢ് സര്‍ക്കാര്‍. ജവാനെ മോചിപ്പിക്കുന്നതിനായി ഒരു മധ്യസ്ഥനെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ആരാണിതെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. 

മന്‍ഹാസിന്റെ മോചനത്തിന് മധ്യസ്ഥനെ നിയമിക്കാന്‍ ആവശ്യപ്പെട്ട് ചൊവ്വാഴ്ച മാവോവാദികളുടെ ദണ്ഡകാരണ്യ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റി വക്താവ് വികല്പിന്റെ പേരില്‍ ഹിന്ദിയില്‍ പ്രസ്താവനയിറക്കിയിരുന്നു. അതിനിടെ ജവാന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മാവോവാദികള്‍ പുറത്തുവിട്ടതെന്ന് സംശയിക്കുന്ന ചിത്രത്തില്‍ മന്‍ഹാസ് ഒരു കുടിലിന്റെ മുന്നില്‍ ഇരിക്കുന്നതാണ് കാണുന്നത്.

സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്‍ഹാസിന്റെ സുരക്ഷിതമായ മടങ്ങിവരവിനു സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചിരുന്നു. എന്നാല്‍, സാമൂഹിക മാധ്യമത്തിലൂടെ പ്രചരിക്കുന്ന ചിത്രത്തോടു പ്രതികരിക്കാന്‍ പോലീസ് തയ്യാറായില്ല. 

അതേസമയം, തട്ടിക്കൊണ്ടുപോയ ജവാനെ മോചിപ്പിക്കണമെന്ന് മാവോവാദികളോട് അഭ്യര്‍ഥിക്കാന്‍ ആദിവാസി പ്രവര്‍ത്തകന്‍ സോണി സോറി ബുധനാഴ്ച ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് പുറപ്പെട്ടു. സി.ആര്‍.പി.എഫ്. 210-ാം കോബ്ര ബറ്റാലിയനിലെ കമാന്‍ഡോയാണ് രാകേശ്വര്‍ സിങ് മന്‍ഹാസ്.

മന്‍ഹാസിന്റെ ബന്ധുക്കള്‍ ദേശീയപാത ഉപരോധിച്ചു

രാകേശ്വര്‍ സിങ് മന്‍ഹാസിന്റെ മോചനത്തിന് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ബുധനാഴ്ച ജമ്മു-പൂഞ്ച് ദേശീയപാത ഉപരോധിച്ചു.

''അദ്ദേഹത്തിന്റെ സുരക്ഷയെക്കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. സര്‍ക്കാരില്‍നിന്നോ സി.ആര്‍.പി.എഫില്‍ നിന്നോ അനുകൂല മറുപടികള്‍ ഒന്നും ലഭിക്കുന്നില്ല. സര്‍ക്കാര്‍ ഉടന്‍ മധ്യസ്ഥനെ വെച്ച് മോചനത്തിനു വേണ്ട കാര്യങ്ങള്‍ ചെയ്യണം''- മന്‍ഹാസിന്റെ ഭാര്യ മീനു ആവശ്യപ്പെട്ടു. മന്‍ഹാസിനെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്താനില്‍നിന്ന് മോചിപ്പിച്ചപോലെയുള്ള ഇടപെടല്‍ ആവശ്യമാണെന്നും മന്‍ഹാസിന്റെ സഹോദരന്‍ സുമിത് പറഞ്ഞു. മകനെ ഉടന്‍ തിരികെയെത്തിക്കണമെന്നും അവനോട് സംസാരിക്കണമെന്നും അമ്മ കുന്തീദേവിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.