ന്യൂഡല്‍ഹി: നൂറ്റാണ്ടുകള്‍ക്ക് ശേഷം അയോധ്യ പ്രതാപം വീണ്ടെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  അയോധ്യ രാമക്ഷേത്ര നിര്‍മാണം അതിവേഗത്തില്‍ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. കേദാര്‍നാഥിലെ ആദി ശങ്കരാചാര്യരുടെ പന്ത്രണ്ടടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തതിന് ശേഷം നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത വർഷം ഉത്തർപ്രദേശിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. അതുകൊണ്ടുതന്നെ ഏറെ രാഷ്ട്രീയപ്രാധാന്യം കൽപിക്കപ്പെടുന്നുണ്ട് കേദാർനാഥിലെ പ്രധാനമന്ത്രിയുടെ അയോധ്യാപരാമർശത്തിന്.

പ്രതിമാ അനാച്ഛാദനം ഉൾപ്പടെ കേദാർനാഥിലെ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. 2013ലെ പ്രളയത്തിനുശേഷമുള്ള പുനർനിർമാണ പ്രവൃത്തിയുടെ ഭാഗമായുള്ള അഞ്ച് വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്.

ശങ്കരാചാര്യര്‍ ഭഗവാന്‍ ശിവന്റെ പ്രതിരൂപമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശങ്കരാചാര്യര്‍ രാജ്യത്തിന്റെയും ലോകത്തിന്റെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ്. വളരെ ചെറുപ്പത്തില്‍ തന്നെ വേദങ്ങളും ഉപനിഷത്തുകളും സ്വായത്തമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇത്തരം സന്യാസിവര്യന്‍മാരുടെ ആശയങ്ങള്‍ പിന്തുടര്‍ന്നാണ് രാജ്യം മുന്നോട്ട് പോകേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തശേഷം പ്രധാനമന്ത്രി കുറച്ചുനേരം ധ്യാനനിരതനായിരുന്നു. ഈ അനുഭവം വിവരിക്കാന്‍ കഴിയാത്തതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 

കേദാര്‍നാഥില്‍ നടക്കുന്ന പരിപാടികളുടെ തുടര്‍ച്ചയെന്നോണം രാജ്യത്തുടനീളം വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ശങ്കരാചാര്യര്‍ സ്ഥാപിച്ച നാല് മഠങ്ങളിലും ജ്യോതിര്‍ലിംഗങ്ങളിലും ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലും പരിപാടികള്‍ സംഘടിപ്പിച്ചു. പ്രധാനമന്ത്രി കേദാര്‍നാഥില്‍ നടത്തിയ പ്രസംഗം ഇവിടങ്ങളില്‍ തത്സമയം പ്രദര്‍ശിപ്പിച്ചിരുന്നു. ബിജെപി നേതാക്കള്‍, കേന്ദ്ര മന്ത്രിമാര്‍ എന്നിവർ ഉള്‍പ്പടെ നിരവധി പേര്‍ ഈ പരിപാടികളില്‍ പങ്കെടുത്തു.

Content Highlights: the glory of Ayodhya was restored after centuries says the prime minister