അഹമ്മദാബാദ്: രാജ്യത്ത് മൂന്നാമത്തെ വ്യക്തിക്കും കോവിഡ്-19 വകഭേദമായ ഒമിക്രോണ്‍(ബി 1.1.529) സ്ഥിരീകരിച്ചു. ഗുജറാത്തിലെ ജാംനഗറില്‍ സിംബാബ്‌വേയില്‍ നിന്ന് വന്നയാള്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 50-കാരനായ ഇയാള്‍ രണ്ട് ദിവസം മുമ്പാണ് ജാംനഗറില്‍ എത്തിയത്.

വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് സാമ്പിള്‍ ജനിതക ശ്രേണീകരണത്തിനായി പൂണൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതിനേ തുടര്‍ന്ന് ഇയാളെ നിരീക്ഷണത്തിലേക്ക് മാറ്റി. 

നേരത്തെ, കര്‍ണാടകത്തില്‍ രണ്ട് പുരുഷന്മാരിലാണ് രാജ്യത്താദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 66-ഉം 46-ഉം പ്രായക്കാരായവര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് വകഭേദം കണ്ടെത്തിയ നാല്പത്തിയാറുകാരന്‍ ബെംഗളൂരു സ്വദേശിയായ ഡോക്ടറാണ്. രണ്ടു ഡോസ് വാക്‌സിനും എടുത്ത ഇദ്ദേഹം നവംബര്‍ 21-നാണ് പനിയെത്തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയത്. കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ സാംപിള്‍ ജനിതക പരിശോധനക്ക് അയക്കുകയായിരുന്നു. 

ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍ ദക്ഷിണാഫ്രിക്കന്‍ പൗരനാണ്. അറുപത്തിയാറുകാരനായ ഇദ്ദേഹം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് ഇന്ത്യയിലെത്തിയത്. രോഗലക്ഷണങ്ങളില്ലായിരുന്നു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ ഏകാന്തവാസത്തിന് നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കുശേഷം സ്വകാര്യലാബില്‍നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായെത്തിയ ഇദ്ദേഹം ദുബായിലേക്ക് പോയതായും അധികൃതര്‍ അറിയിച്ചിരുന്നു. 

Content Highlights: The first case of Omicron variant in Gujarat reported in Jamnagar