വാക്സിന്‍ നയം തിരുത്തിയതിന്റെ ക്രെഡിറ്റ് സുപ്രീം കോടതിക്ക് നല്‍കാനാവില്ല- ആനന്ദബോസ്


കെ.എ. ജോണി

ബി.ജെ.പി. സംസ്ഥാനതല പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അഖിലേന്ത്യ നേതൃത്വത്തിന് കൈമാറി. സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി ഉണ്ടായേക്കും

ഡോ. സി.വി. ആനന്ദബോസ് | ഫോട്ടോ: മാതൃഭൂമി

ബി.ജെ.പിയുടെ കേരളഘടകത്തില്‍ അടിയന്തരമായി വേണ്ട മാറ്റങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തില്‍ നടപടി ഉണ്ടായേക്കുമെന്നും മുന്‍ സീനിയര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനും ബി.ജെ.പി. നേതാവുമായ സി.വി. ആനന്ദബോസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഡോ. ആനന്ദബോസുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

ആദ്യ ഭാഗം: നേതാവ് ശക്തനാവുന്നത് സഹനേതാക്കള്‍ ബലഹിനരാവുമ്പോഴാണ്- സി.വി. ആനന്ദബോസ്

വാക്സിന്‍ നയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ തിരുത്തല്‍ ജനാധിപത്യത്തിന്റെ വിജയമാണെന്ന നിരീക്ഷണത്തോട് താങ്കളുടെ പ്രതികരണം?

ഇന്ത്യയില്‍ പാകതയുള്ള ഒരു ഭരണകൂടമുണ്ടെന്നതിന്റെ തെളിവാണത്. ജനാധിപത്യമായാലും മറ്റേത് ഭരണക്രമമായാലും ഉചിതമായ തീരുമാനങ്ങളെടുക്കുക എന്നത് അതാത് സമയത്തെ ഭരണാധികാരികളെ ആശ്രയിച്ചാണിരിക്കുന്നത്.

ഈ നടപടിയിലേക്ക് കേന്ദ്ര സര്‍ക്കാരിനെ നയിച്ചതിന്റെ മുഖ്യ കാരണം എന്താണെന്നാണ് താങ്കള്‍ കരുതുന്നത്?

ജനഹിതവും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും മനസ്സിലാക്കിയാണ് ഭരണാധികാരികള്‍ തീരുമാനമെടുക്കേണ്ടത്. ഇതിനുള്ള ത്യാജ്യ,ഗ്രാഹ്യ വിവേചന ശക്തി ഭരണകൂടങ്ങള്‍ക്കുണ്ടാവണം. ഒരിക്കല്‍ ഒരു തീരുമാനമെടുത്താല്‍ പിന്നെ അതില്‍നിന്നു മാറില്ലെന്ന് വാശി പിടിക്കേണ്ട കാര്യമില്ല. അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന് പറയുന്നതു പോലെ നയങ്ങളും ഇരുമ്പുലക്കയല്ല.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിലപാടിന് പിന്നില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ നിര്‍ണായകമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. വാക്സിനേഷനായി ബജറ്റില്‍ മാറ്റിവെച്ച 35,000 കോടി രൂപയ്ക്ക് എന്താണ് സംഭവിച്ചതെന്നതടക്കം വാക്സിന്‍ നയത്തെക്കുറിച്ച് കൃത്യമായ ചോദ്യങ്ങള്‍ സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായി എന്ന നിരീക്ഷണമാണത്. താങ്കളുടെ വിലയിരുത്തല്‍?

ഞാന്‍ അങ്ങിനെ കരുതുന്നില്ല. ജുഡീഷ്യല്‍ പരമാധികാരം ഇന്ത്യന്‍ ഭരണഘടനയില്‍ ഇല്ല. നയങ്ങള്‍ തീരുമാനിക്കേണ്ടത് ഭരണകൂടമാണ്. ജുഡീഷ്യറിക്ക് ഏത് കാര്യത്തിന്റെയും ന്യായാന്യായങ്ങള്‍ തീരുമാനിക്കാനുള്ള അധികാരമുണ്ട്. ഇവിടെ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍ ചോദിച്ചു എന്നത് ശരിയാണ്. അത് കേന്ദ്ര സര്‍ക്കാരിനെ ചിന്തിപ്പിച്ചിരിക്കാം. ഇതൊക്കെ സാധാരണയായി നടക്കുന്ന കാര്യമാണ്. പക്ഷേ, കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനത്തില്‍ സുപ്രീം കോടതിക്ക് ക്രെഡിറ്റ് കൊടുക്കാന്‍ ഞാന്‍ തയ്യാറല്ല.

വാക്സിന്‍ നയ തീരുമാനം ഭരണകൂടത്തിന്‍േറതാണെന്നും അതില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അവ ചൂണ്ടിക്കാണിക്കാന്‍ സുപ്രീം കോടതിക്കാവുമെന്നും എന്നല്ലാതെ തീരുമാനം മാറ്റണമെന്നാജ്ഞാപിക്കാന്‍ സുപ്രീം കോടതിക്കാവില്ലെന്നുമാണോ താങ്കള്‍ പറയുന്നത്?

ഭരണഘടനയ്ക്ക് വിരുദ്ധമാണെങ്കില്‍ ആജ്ഞാപിക്കാം. അല്ലാത്ത കാര്യങ്ങളില്‍ ഉപദേശം നല്‍കാമെന്നല്ലാതെ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ടത് എക്സിക്യൂട്ടിവാണ്.

ഭരണഘടന അനുശാസിക്കുന്ന തുല്യ സമീപനം, ജീവിക്കാനുള്ള അവകാശം(14, 21 വകുപ്പുകള്‍) എന്നിവയുടെ ലംഘനം കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിലുണ്ടെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു?

നിരീക്ഷണം വേറെ വിധി വേറെ. നിരീക്ഷണം വിധിയായി ചിത്രീകരിച്ച് വിധിയെ ദുര്‍വ്വിധി ആക്കരുത്.

ഭരണകൂടത്തിന്റെ തീരുമാനത്തില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് കോടതി ചെയ്തതെന്നാണ് താങ്കള്‍ പറഞ്ഞുവരുന്നത്?

കോടതി ഉചിതമായ കാര്യം തന്നെയാണ് ചെയ്തത്. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറായി എന്നത് ഭരണഘടനയുടെ നേട്ടമായാണ് ഞാന്‍ കാണുന്നത്.

താങ്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ ആകാമെന്ന് കരുതുന്നു. 2019-ലാണ് താങ്കള്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തത്. കക്ഷി രാഷ്ട്രീയത്തിലേക്കിറങ്ങാം എന്ന് തീരുമാനിച്ചപ്പോള്‍ അതിനുള്ള വഴിയായി ബി.ജെ.പിയെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തന ശൈലിയാണ് എന്നെ ബി.ജെ.പിയിലേക്ക് ആകര്‍ഷിച്ചത്. അദ്ദേഹം നേരിട്ട് ഇതുമായി ബന്ധപ്പെട്ട് എന്നോട് സംസാരിച്ചു. ലോക്സഭയിലേക്ക് മത്സരിക്കാന്‍ അദ്ദേഹമാണ് ആദ്യം എന്നോട് പറഞ്ഞത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വീക്ഷണം ഇന്ത്യയ്ക്ക് നല്ലതാണെന്ന് എനിക്ക് തോന്നി. പല പ്രധാനമന്ത്രിമാര്‍ക്കുമൊപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും അവരുടേതായ പ്രവര്‍ത്തന ശൈലികളുണ്ട്. പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാനും അവ വേഗത്തില്‍ നടപ്പാക്കാനുമുള്ള കഴിവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ട്. അദ്ദേഹം വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ല. അഴിമതിയോടുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പും എന്നെ ആകര്‍ഷിച്ചു.

പക്ഷേ, ബി.ജെ.പിയുടെ സഞ്ചാരം മെജോറിറ്റേറിയനിസത്തിന്റെ പാതയിലൂടെയാണെന്നതും ഹിന്ദുത്വയുടെ ചിറകിലേറിയാണ് ആ പാര്‍ട്ടി മുന്നോട്ടു പോകുന്നതെന്നതും താങ്കളെപ്പോലെ ജനാധിപത്യത്തിന്റെ വിശാലമായ തുറസ്സുകളിലൂടെ നടക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് എത്രമാത്രം അംഗികരിക്കാനാവും?

വസെൈുധവകുടുംബകം - ലോകമേ തറവാട് - എന്ന് കരുതുന്ന ജീവിതശൈലിയാണ് ഹിന്ദു മതത്തിന്റേത്. ഹിന്ദു എന്ന് പറയുന്നത് നികൃഷ്ടജീവിയാണെന്ന് എനിക്ക് തോന്നുന്നില്ല. ഹിന്ദുവാണെന്ന് പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഗാന്ധിജി പറഞ്ഞതുപോലെ ഒരു നല്ല ഹിന്ദുവിന് മാത്രമേ നല്ല കൃസ്ത്യാനിയും മുസ്ലിമും ആവാന്‍ കഴിയൂ. ആ വിശാലമായ അര്‍ത്ഥത്തില്‍ ഹിന്ദു എന്ന് പറയുന്നത് വര്‍ഗീയവാദമാണെന്ന് ഞാന്‍ കരുതുന്നില്ല.

പശുവാദത്തിന്റെ പേരില്‍ ആളുകള്‍ ആക്രമിക്കപ്പെടുന്നു. വീട്ടില്‍ മാംസാഹാരം സൂക്ഷിച്ചു വെച്ചതിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്നു. അതുപോലെ തന്നെ 2017-ലെ യു.പി. നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. എടുത്ത ഒരു തീരുമാനം മുസ്ലിം സമുദായത്തില്‍നിന്ന് ആരെയും സ്ഥാനാര്‍ത്ഥി ആക്കില്ലെന്നായിരുന്നു. വസുധൈവകുടുംബകം എന്ന് പറയുന്നത് ഹിന്ദുക്കളുടെ മാത്രം കുടുംബം എന്നല്ലേ ബി.ജെ.പി. പറയുന്നത്?

ഗോവധ നിരോധനം ഹിന്ദുത്വയുടെ ഏറ്റവും നീചമായ പ്രവര്‍ത്തനശൈലിയുടെ ഉദാഹരണമാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഇന്ത്യന്‍ ഭരണഘടനയ്ക്കാണ്. ഗോവധ നിരോധനത്തെക്കുറിച്ച് പറയുന്നത് ഭരണഘടനയാണ്. അന്ന് ബി.ജെ.പി. എന്ന പാര്‍ട്ടിയില്ല. നെഹ്രുവും സര്‍ദാര്‍ പട്ടേലും അംബദ്കറും മൗലാന അബ്ദുള്‍കലാം ആസാദുമൊക്കെ ഉള്‍പ്പെട്ട ഭരണഘടന അസംബ്ളിയാണ് ഇക്കാര്യം തീരുമാനിച്ചത്. ഗാന്ധിജിയുടെ ആശീര്‍വ്വാദവും ഇതിനുണ്ടായിരുന്നു.

ഗോവധ നിരോധനം കോണ്‍ഗ്രസ് സര്‍ക്കാരുകളും നടപ്പാക്കിയിട്ടുണ്ട്. പക്ഷേ, അതിന്റെ പേരില്‍ ആളുകളെ കൊല്ലുന്നതാണ് പ്രശ്നം. ഈയൊരു നിയമത്തിന്റെ പേരില്‍ മുസ്ലിങ്ങളും ദളിതരും ആക്രമിക്കപ്പെടുന്നു എന്നിടത്താണ് ബി.ജെ.പി. പ്രതിക്കൂട്ടിലാവുന്നത് ?

അങ്ങിനെയാണെങ്കില്‍ അതിനെ നിയമപരമായി നേരിടണം. അതിനുള്ള നിയമം രാജ്യത്തുണ്ട്. ഇത്തരം നിയമങ്ങള്‍ പരിപാലിക്കുന്നതില്‍ ഏതെങ്കിലും സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ അതിനെതിരെ കോടതിയില്‍ പോകാം. ഈ വിഷയത്തില്‍ ബി.ജെ.പിക്കെതിരെയുള്ള ആരോപണങ്ങള്‍ അസത്യപ്രചാരണമായാണ് ഞാന്‍ കാണുന്നത്.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പിയുടെ മുന്‍നിര സ്ഥാനാര്‍ത്ഥിയായിരുന്ന ഇ. ശ്രീധരന്‍ മാംസാഹാരവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനം വിവാദമായിരുന്നു. താങ്കള്‍ക്ക് വ്യക്തിപരമായി മാംസാഹാരത്തോടുള്ള സമീപനമെന്താണ്?

ഞാന്‍ ഒരാളെ കാണുന്നത് അയാള്‍ എന്താഹാരമാണ് കഴിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലല്ല. മാംസാഹാരിയായാലും സസ്യാഹാരിയായാലും ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞതുപോലെ മനുഷ്യന്‍ നന്നായാല്‍ മതി.

താങ്കള്‍ മാംസാഹാരം കഴിക്കാറുണ്ടോ?

ഞാന്‍ പൊതുവെ സസ്യാഹാരിയാണ്. ഇടയ്ക്ക് മത്സ്യം കഴിക്കും. മാംസം കഴിക്കാറില്ല.

കഴിഞ്ഞ യു.പി. നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ഒന്നു കൂടി വരികയാണ്. മുസ്ലിം സമുദായത്തില്‍നിന്ന് ആരെയും സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന ബി.ജെ.പിയുടെ തീരുമാനം ഹിന്ദുരാഷ്ട്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന പ്രഖ്യാപനമായിരുന്നു. ഇതിനെ താങ്കള്‍ എങ്ങിനെയാണ് കാണുന്നത്?

ഭരണഘടനപരമായി ഇന്ത്യ മതേതര രാഷ്ട്രമാണ്. അതേസമയം, ഇന്ത്യയില്‍ ഭൂരിപക്ഷം പേരും ഹിന്ദുക്കളാണ്. അതിന്റെ അര്‍ത്ഥം ഇവിടെ മുസ്ലിങ്ങള്‍ പാടില്ല, കൃസ്ത്യാനികള്‍ പാടില്ല എന്നല്ല. എല്ലവരും ഒന്നിച്ച് ജീവിക്കുന്ന ഇടമാണ് നമ്മുടെ രാജ്യം. ബഹുസ്വരതയാണ് നമ്മുടെ സവിശേഷത. അതങ്ങിനെ തന്നെയാണ് വേണ്ടതും.

ഭരണഘടന അസംബ്ളിയില്‍ ഏകദേശം 80 ശതമാനത്തോളം പേര്‍ ഹിന്ദുക്കളായിരുന്നവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അങ്ങിനെയാരു അസംബ്ളിയാണ് ഇന്ത്യ മതരാഷ്ട്രമാകേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഈ തീരുമാനം മാറ്റിമറിക്കപ്പെടുന്നുവെന്ന അവസ്ഥ വരുമ്പോള്‍ അത് എതിര്‍ക്കപ്പെടേണ്ടതല്ലേ?

അങ്ങിനെ മാറ്റിമറിക്കപ്പെടുന്ന അവസ്ഥ ഞാന്‍ കാണുന്നില്ല. മതങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കരുത്. ഒരു രാഷ്ട്രീയപാര്‍ട്ടിയും വര്‍ഗീയത വളര്‍ത്തരുത് എന്നാണെന്റെ നിലപാട്. പാര്‍ട്ടിയെ വളര്‍ത്താന്‍ മതത്തെ കൂട്ടുപിടിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കണമെന്ന് ബൈബിള്‍ പറയുന്നില്ലേ! ആ സമീപനമാണ് വേണ്ടത്.

പ്രധാനമന്ത്രിയെ വ്യക്തിപരമായി അറിയാം എന്ന് താങ്കള്‍ പറയുകയുണ്ടായി. എത്ര കാലമായി പ്രധാനമന്ത്രിയെ അടുത്തറിയാം?

അങ്ങിനെ വലിയ അവകാശവാദമൊന്നും എനിക്കില്ല. 2014 മാര്‍ച്ച് നാലിനാണ് ഞാന്‍ അദ്ദേഹവുമായി ആദ്യം കൂടിക്കാണുന്നത്. ആദ്യമായി ലോക്സഭയിലേക്ക് മത്സരിക്കുന്നതിനു മുമ്പായിരുന്നു അത്.

എവിടെവെച്ചായിരുന്നു കൂടിക്കാഴ്ച? ഗുജറാത്തില്‍?

അതെ. അന്ന് പല കാര്യങ്ങളും ചര്‍ച്ച ചെയ്തു. എന്നെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് 'ബോസ്ജി, മാന്‍ ഒഫ് ഐഡിയാസ്, എയ്സ് ഡിബേറ്റര്‍. ഐ വാണ്ട് യു ടു കൊണ്ടസ്റ്റ് ഇന്‍ ലോക്സഭ ഇലക്ഷന്‍' എന്നാണ്.

2014-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് മോദി താങ്കളോട് ആവശ്യപ്പെട്ടു എന്നാണോ?

തീര്‍ച്ചയായും. ഞാന്‍ പക്ഷേ, അത് നന്ദിപൂര്‍വ്വം നിരസിച്ചു. ഞാന്‍ ഇലക്ഷന്‍ മെറ്റീരിയല്‍ അല്ലെന്നാണ് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത്. ഇന്ത്യയെക്കുറിച്ച് താങ്കള്‍ക്കുള്ള സ്വപ്നം ഞാന്‍ പങ്കുവെയ്ക്കുന്നുണ്ടെന്നും ചില പദ്ധതികള്‍ എനിക്ക് മുന്നോട്ടുവെയ്ക്കാനാവുമെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ അദ്ദേഹം അത്തരം പദ്ധതികളെക്കുറിച്ച് ചോദിച്ചു. അതിലൊന്നായിരുന്നു സബ്കൊ മകാന്‍ സസ്താ മകാന്‍ (എല്ലാവര്‍ക്കും വീട്, ചെലവു കുറഞ്ഞ വീട്) ഈ ആശയം അദ്ദേഹത്തിനിഷ്ടപ്പെട്ടു. അധികാരമേറ്റപ്പോള്‍ അദ്ദേഹം ആദ്യം പ്രഖ്യാപിച്ച പദ്ധതികളിലൊന്ന് പ്രധാനമന്ത്രി ആവാസ് യോജന ആയിരുന്നു. വനിതാ ശാക്തീകരണത്തെക്കുറിച്ചുള്ള എന്റെ ആശയങ്ങളിലും അദ്ദേഹത്തിന് താല്‍പര്യമുണ്ടായി. ഹോംമേക്കേഴ്സിനെ രാഷ്ട്രനിര്‍മ്മാതാക്കളാക്കുന്ന പദ്ധതിയെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. അതും അദ്ദേഹം ഏറ്റെടുത്തു.

ഒരിക്കല്‍ അദ്ദേഹം കേരളത്തില്‍ വന്നപ്പോള്‍ കേരള വികസനവുമായി ബന്ധപ്പെട്ട് ഒരു നയരേഖ ഞാന്‍ കൈമാറി. വളരെ തിരക്കിലായിട്ടും കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ എന്നോട് അദ്ദേഹം ഇതെക്കുറിച്ച് അര മണിക്കൂറോളം സംസാരിച്ചു. ചില ദേശീയ പദ്ധതികളും ഇതുപോലെ ആക്കിത്തരാമോ എന്നദ്ദേഹം ചോദിച്ചു. ജനങ്ങളിലേക്ക് പെട്ടെന്നിറങ്ങി ചെല്ലുന്ന പദപ്രയോഗങ്ങള്‍ അദ്ദേഹത്തിനിഷ്ടമാണ്. ഉദാഹരണത്തിന് ഇത്തിരി മണ്ണില്‍ ഒത്തിരി വിളവ് എന്നൊക്കെയുള്ള പ്രയോഗങ്ങള്‍. അദ്ദേഹത്തിന്റെ പേഴ്സനല്‍ ഇ മെയില്‍ ഐ.ഡി. എനിക്ക് തന്നിട്ട് കൂടുതല്‍ വിശദമായി സംസാരിക്കാമെന്നും പറഞ്ഞു.

ജനങ്ങളുമായി എളുപ്പത്തില്‍ ആശയവിനിമയം നടത്തണമെന്ന കാര്യത്തില്‍ മോദിക്ക് സവിശേഷമായ നിഷ്‌കര്‍ഷയുണ്ടല്ലേ?

അതെ. ഇത്തരത്തിലൊരാളായിരുന്നു കെ. കരുണാകരന്‍. അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിച്ചപ്പോഴാണ് ഗ്രാമോത്സവം, നിര്‍മ്മിതി കേന്ദ്ര തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കിയത്. കെ.എം. മാണിക്കും ഇത്തരം കാര്യങ്ങളില്‍ താല്‍പര്യമുണ്ടായിരുന്നു. ബജറ്റ് തയ്യാറാക്കുന്നതിന് തലേന്ന് മാണി സാര്‍ വിളിച്ചിട്ട് ഇത്തരം ചില പദപ്രയോഗങ്ങള്‍ വേണമെന്ന് പറയും. മുന്‍ മന്ത്രി പി.എസ്. ശ്രീനിവാസനും ഇതേ പ്രകൃതക്കാരനായിരുന്നു. റവന്യു ടവര്‍ എന്ന പദ്ധതിയൊക്കെ അദ്ദേഹത്തിന്റെ കാലത്താണ് വന്നത്.

പ്രധാനമന്ത്രി മോദിയില്‍ താങ്കളെ ആകര്‍ഷിക്കുന്ന മുഖ്യഘടകമെന്താണ് ?

സത്യസന്ധതയാണ് ഏറ്റവും മുഖ്യം. പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവാണ് രണ്ടാമത്തേത്. വിമര്‍ശനങ്ങള്‍ ഭയപ്പെടുന്നില്ല എന്നതാണ് മൂന്നാമത്തെ ഘടകം. അദ്ദേഹവുമായി സംസാരിക്കുമ്പോള്‍ ഒരു പ്രധാന മന്ത്രിയുടെ മുന്നിലാണെന്ന് നമുക്ക് തോന്നില്ല. അധികാരത്തിന്റെ പേടിപ്പെടുത്തുന്ന സാന്നിദ്ധ്യം നമുക്ക് അനുഭവപ്പെടില്ല. മന്‍മോഹന്‍ സിങ്ങുമായി സംസാരിക്കുമ്പോഴും ഇതായിരുന്നു അവസ്ഥ.

അധികാരം വല്ലാതെ കേന്ദ്രികരിക്കപ്പെടുന്ന വ്യക്തിത്വമാണ് മോദിയുടേതെന്ന് ആരോപണമുണ്ട്. പക്ഷേ, താങ്കള്‍ പറയുന്നത് താങ്കള്‍ക്ക് അങ്ങിനെ അനുഭവപ്പെട്ടിട്ടില്ലെന്നാണ്?

എനിക്കങ്ങിനെ തോന്നിയിട്ടില്ല. മന്‍മോഹന്‍ സിങ്ങും അങ്ങിനെയായിരുന്നു. അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെ ആറ്റമിക് എനര്‍ജി വകുപ്പില്‍ നാലരക്കൊല്ലത്തോളം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു പ്രൊഫസറോട് സംസാരിക്കുന്നതപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. വളരെ സൗമ്യമായ സമീപനം. മോദിയോട് സംസാരിക്കുമ്പോള്‍ അദ്ദേഹം ഒരു നിഷ്‌കാമ കര്‍മ്മിയാണ് എന്നാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. എന്നാല്‍, ഇന്ദിര ഗാന്ധിയുടെ അടുത്ത് ചെല്ലുമ്പോള്‍ അധികാരം അനുഭവപ്പെട്ടിരുന്നു. ഒരു ചക്രവര്‍ത്തിനിയുടെ അടുത്ത് നില്‍ക്കുന്നതു പോലെയൊക്കെ ആയിരുന്നു. നരസിംഹറാവു സ്ഥിതപ്രജ്ഞനായിരുന്നു. ദേശീയോദ്ഗ്രഥന കൗണ്‍സിലിലൊക്കെ പലരും അദ്ദേഹത്തെ നിശിതമായി വിമര്‍ശിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന് പക്ഷേ, അതിലൊന്നും ഒരു കുലുക്കവുമുണ്ടായിരുന്നില്ല. അതീന്ദ്രിയനെപ്പോലെയായിരുന്നു റാവു. തീര്‍ത്തും നിസ്സംഗന്‍ എന്ന് പറയാവുന്ന പ്രകൃതം.

നരേന്ദ്ര മോദി വിമര്‍ശനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല എന്നാരാപോണമുണ്ട്?

വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ. അല്ലാതെ വിമര്‍ശനം ക്ഷണിച്ചു വരുത്തേണ്ടതുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.

വിമര്‍ശകരെ ജയിലിലടയ്ക്കുന്നു, വിയോജിപ്പിന്റെ സ്വരങ്ങള്‍ ഉയരുന്നില്ലെന്ന് ഉറപ്പു വരുത്തുന്നു എന്നൊക്കെയാണ് ആരോപണം?

ആരെ, എവിടെ ജയിലിലടച്ചുവെന്നാണ്?

ഫാദര്‍ സ്റ്റാന്‍ സ്വാമി, സുധ ഭരദ്വാജ്, വരവറാവു. വിമര്‍ശകരെ അര്‍ബന്‍ നക്സലുകള്‍ എന്ന് മുദ്ര കുത്തി ജയലിലടയ്ക്കുകയാണ് ?

അങ്ങനെ സംഭവിക്കുണ്ടെങ്കില്‍ അതിനെ നിയമപരമായി ചോദ്യം ചെയ്യണം. മോദിയെ ഏറ്റവുമധികം വിമര്‍ശിക്കുന്നവരില്‍ ഒരാള്‍ മമത ബാനര്‍ജിയാണ്. അവര്‍ വിമര്‍ശനം തുടരുന്നുണ്ടല്ലോ. കേരള മുഖ്യമന്ത്രി പിണറായി വിജയനും മോദിയെ വിമര്‍ശിക്കാറുണ്ട്. പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ നയം തിരുത്തിയപ്പോള്‍ അദ്ദേഹം അതിനെ സ്വാഗതം ചെയ്തു. ഫെഡറലിസത്തിന്റെ സ്പിരിറ്റാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. അതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. സുപ്രീം കോടതി പറഞ്ഞിട്ടാണ് കേന്ദ്രം ഈ തീരുമാനം എടുത്തതെന്നൊന്നും പിണറായി പറഞ്ഞിട്ടില്ല. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇവിടെയാണ് മമതയില്‍നിന്ന് പിണറായി വിജയന്‍ വ്യത്യസ്തനാവുന്നത്. രാഷ്ട്രീയം യുദ്ധക്കളമാവരുത്.

കെ. കരുണാകരനും മോദിക്കും തമ്മിലുള്ള ചില സമാനതകെളെക്കുറിച്ച് താങ്കള്‍ പറഞ്ഞിരുന്നു?

കരുണാകരന് ചില ഉള്‍ക്കാഴ്ചകളുണ്ടായിരുന്നു. വ്യക്തികളായാലും പ്രസ്ഥാനങ്ങളായാലും ഉദ്യോഗസ്ഥരായാലും, കൃത്യമായ ഉള്‍ക്കാഴ്ച കരുണാകരനുണ്ടായിരുന്നു.

കരുണാകരന്റെ കൂടെ സെക്രട്ടറിയായി എത്രകാലമുണ്ടായിരുന്നു?

മൂന്നര വര്‍ഷം ഞാന്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

മോദിക്കും കരുണാകരനുമിടയിലുള്ള ചില സമാനതകള്‍ മോദിക്കും പിണറായി വിജയനുമിടയിലുമുണ്ടോ?

പിണറായി വിജയന്‍ കരുത്തനായ നേതാവാണ്. ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ അദ്ദേഹത്തിനാവും. അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലിയോടും പ്രത്യയശാസ്ത്രപരമായ നിലപാടുകളോടും വിയോജിപ്പുണ്ട്. കാരണം മുഖ്യമന്ത്രി ഒരു പാര്‍ട്ടിയുടെ മാത്രം മുഖ്യന്ത്രിയായല്ല പ്രവര്‍ത്തിക്കേണ്ടത്.

2019-ലും ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നോ?

2019-ല്‍ പ്രധാനമന്ത്രി നേരിട്ട് ആവശ്യപ്പെട്ടില്ല. ബി.ജെ.പി. ആവശ്യപ്പെട്ടിരുന്നു.

പക്ഷേ, താങ്കള്‍ മത്സരിച്ചില്ല. എന്തായിരുന്നു കാരണം?

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ അധികാരം നേടിയെടുക്കുന്നതില്‍ ഞാന്‍ അത്രകണ്ട് തല്‍പരനല്ല. ജനങ്ങളെ സേവിക്കാന്‍ അധികാരം കൂടിയേ തീരൂ എന്ന് ഞാന്‍ കരുതുന്നില്ല. തിരഞ്ഞെടുപ്പിന് നില്‍ക്കണമായിരുന്നെങ്കില്‍ കെ. കരുണാകരനോട് പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹം എനിക്ക് അവസരം തരുമായിരുന്നു. കൂടെ നില്‍ക്കുന്നവരെ വളര്‍ത്തുക എന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. ഒരാളെ ഇഷ്ടപ്പെട്ടാല്‍ അയാളെ ഏതറ്റം വരെയും ഉയര്‍ത്തിക്കൊണ്ടുപോകും.

മുന്‍ ഐ.എ.എസ്. ഓഫിസര്‍ കൃഷ്ണകുമാറിനെയൊക്കെ വളര്‍ത്തിയതുപോലെ?

അതെ. എനിക്ക് കരുണാകരനുമായി അത്ര അടുപ്പമുണ്ടായിരുന്നു.

കേരളത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ വിജയിക്കില്ല എന്ന പ്രശ്നമുള്ളതും തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടു നില്‍ക്കാന്‍ കാരണമല്ലേ?

അല്ല. വേണമെങ്കില്‍ എനിക്ക് കേരളത്തിന് പുറത്തുനിന്നു മത്സരിക്കാനാവും. ഞാന്‍ അങ്ങിനെ ആവശ്യപ്പെട്ടിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എനിക്ക് ഒരു കാലത്തും താല്‍പര്യമുണ്ടായിരുന്നില്ല. മത്സരിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടിരുന്നു. സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ടില്ല. മറ്റ് പല നേതാക്കളും ആവശ്യപ്പെട്ടു. ഇപ്പോഴും ഞാന്‍ കേന്ദ്ര സര്‍ക്കാരിനെ സേവിക്കുന്നുണ്ട്. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ലേബര്‍ അഡ്വൈസറി ബോര്‍ഡില്‍ ഞാന്‍ അംഗമാണ്. മേഘാലയ സര്‍ക്കാരിന്റെ ഉപദേഷ്ടാവാണ്. പക്ഷേ, ഇതിനൊന്നും ഞാന്‍ പ്രതിഫലം വാങ്ങുന്നില്ല. അതെന്റെ നയമാണ്.

കൊടകര കുഴല്‍പ്പണ ഇടപാട് അന്വേഷിക്കാന്‍ താങ്കളും ജേക്കബ്ബ് തോമസും ഇ. ശ്രീധരനമുടങ്ങുന്ന ഒരു കമ്മിറ്റിയെ ബി.ജെ.പി. നേതൃത്വം നിയോഗിച്ചു എന്നത് വാസ്തവമാണോ?

അങ്ങിനെയൊരു കമ്മിറ്റി ഉള്ളതായി എനിക്കറിയില്ല. ഞാന്‍ അങ്ങിനെ ഒരു റിപ്പോര്‍ട്ടും കൊടുത്തിട്ടില്ല. എന്നെ ഏല്‍പിച്ച ചില കാര്യങ്ങളെക്കുറിച്ച് ഞാന്‍ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്.

ബി.ജെ.പിയുടെ സംസ്ഥാനതല പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളാണോ?

അതെ.

ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടപടികളുണ്ടാവുമോ?

ഞാന്‍ നല്‍കുന്ന 16-ാമത്തെ റിപ്പോര്‍ട്ടാണിത്. ഇതിന് മുമ്പ് കൊടുത്ത റിപ്പോര്‍ട്ടുകളിന്മേല്‍ നടപടികളുണ്ടായിട്ടുണ്ട്. ഇതിലും നടപടിയുണ്ടാകുമെന്നാണ് കരുതേണ്ടത്. എന്തൊക്കെ നടപടികള്‍ വേണമെന്ന ശുപാര്‍ശകളാണ് നല്‍കുന്നത്. തീരുമാനമെടുക്കേണ്ടത് അതുമായി ബന്ധപ്പെട്ട അധികാരികളാണ്.

അതിന്റെയര്‍ത്ഥം ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തില്‍ ചില അഴിച്ചുപണികള്‍ ഉടനുണ്ടായേക്കും എന്നാണോ?

ഞാന്‍ എന്റേതായ ചില നിര്‍ദ്ദേശങ്ങളും ഓപ്ഷന്‍സും കൊടുത്തിട്ടുണ്ട്. ഇതുപോലെ മറ്റ് പലരും ബി.ജെ.പി. നേതൃത്വത്തിന് അവരുടെ അഭിപ്രായങ്ങള്‍ നല്‍കിക്കാണും. പാര്‍ട്ടിക്ക് അതിന്റേതായ മെഷിനറിയുണ്ട്. സര്‍ക്കാരിന് ഐ.ബിയും മറ്റ് സംവിധാനങ്ങളുമുണ്ട്. ഇവയില്‍നിന്നെല്ലാം കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക. ഞാന്‍ കൊടുത്തിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പായിട്ടുണ്ട് എന്നു മാത്രമേ ഈ ഘട്ടത്തില്‍ പറയാനാവുകയുള്ളു.

Content Highlights:

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented