ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയില്‍ വേദനകളും കഷ്ടപ്പാടുകളും അനുഭവിക്കുന്ന പൗരന്മാരോട് സഹാനുഭൂതി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദൃശ്യനും അതിവേഗത്തില്‍ രൂപം മാറിക്കൊണ്ടിരിക്കുന്നതുമായ ശത്രുവിനെതിരേയാണ് നാം പോരാടിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'കൊറോണ വൈറസ് കാരണം നമുക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. നമ്മളിവൽ പലരും അനുഭവിച്ച ആ വേദന എനിക്ക്  അതുപോലെ തന്നെയാണ് അനുഭവപ്പെടുന്നത്. നിങ്ങളുടെ പ്രധാനസേവകനെന്ന നിലയില്‍ ഞാനത് പങ്കിടുന്നു. രാജ്യം അദൃശ്യനായ, രൂപം മാറിക്കൊണ്ടിരിക്കുന്ന ഒരു ശത്രുവിനെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.നൂറു വര്‍ഷത്തിനിടയിലെ ലോകം അഭിമുഖീകരിച്ച ഏറ്റവും മോശമായ മഹാമാരി ഓരോ ചുവടിലും ലോകത്തെ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നമുക്ക് മുന്നിലുളളത് അദൃശ്യനായ ശക്തിയാണ്.' ഇന്ത്യയില്‍ വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന് കാരണായ വൈറസ് വകഭേദത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു. 

പരമാവധിയാളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇതുവരെ, ഏകദേശം 18 കോടി വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. രാജ്യമെങ്ങുമുളള സര്‍ക്കാര്‍ ആശുപത്രികള്‍ സൗജന്യമായാണ് വാക്‌സിന്‍ നല്‍കുന്നത്. അതുകൊണ്ട് നിങ്ങളുടെ ഊഴമെത്തുമ്പോള്‍ വാക്‌സിന്‍ സ്വീകരിക്കണം.കൊറോണ വൈറസിനെതിരായ നമ്മുടെ കൈയിലുളള ഏക പരിചയാണ് വാക്‌സിന്‍. ഗുതരുതരമായ അണുബാധയില്‍ നിന്ന് ഇത് സംരക്ഷിക്കും.'

വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞാലും മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ മുന്‍കരുതലുകള്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും മോദി വ്യക്തമാക്കി. 

 

Content Highlights:The country is dealing with an invisible and shapeshifting enemy- PM Modi