ന്യൂഡല്‍ഹി:  കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ പത്ത് കോടി ഡോസുകള്‍ക്കുള്ള ചെലവ് പി എം കെയെര്‍സ് ഫണ്ടില്‍ നിന്നായിരിക്കും. കോവിഷീല്‍ഡ് വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയാല്‍ ഉടന്‍ പത്ത് കോടി ഡോസുകള്‍ക്കുള്ള ഓര്‍ഡര്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കും.

ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള  കോവിഡ് മുന്‍നിര പോരാളികള്‍ക്കും അമ്പത് വയസിന് മുകളിലുള്ളവര്‍ക്കും  ആണ് വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ ലഭിക്കുക. ജൂലൈ 30 നകം മുപ്പത് കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

കോവിഷീല്‍ഡിന് വില 220 വരെ, കോവാക്സിന് 350 

ആദ്യ ഘട്ട കുത്തിവയ്പ്പിനായുള്ള കോവിഷീല്‍ഡ് വാക്‌സിന്റെ ഒരു ഡോസിന് 200 മുതല്‍ 220 രൂപ വരെയാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കോവാക്‌സിന് ഭാരത് ബയോടെക് ആവശ്യപ്പെടുന്നത് ഡോസിന് 350 രൂപ. വാക്‌സിന്റെ വിലകളില്‍ പിന്നീട് മാറ്റമുണ്ടാകും. സര്‍ക്കാരിന് ഡോസിന് 220 രൂപയ്ക്കും സ്വകാര്യ വിപണിയില്‍  1000 രൂപയ്ക്കുമായിരിക്കും കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുകയെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ അദര്‍ പൂനാവാല പറഞ്ഞു. ജനുവരി മാസം 10 ദശലക്ഷം ഡോസുകള്‍ സര്‍ക്കാരിന് കൈമാറാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി

വാക്‌സിന്‍ ലഭിക്കുന്ന വ്യക്തിക്ക് ഫാക്ട് ഷീറ്റ് നല്‍കണം. 

വാക്‌സിന്‍ കുത്തിവയ്പ്പ് ലഭിക്കുന്ന വ്യക്തിക്ക് വാക്‌സിനെ സംബന്ധിച്ച വസ്തുത വിവര പട്ടിക (ഫാക്ട് ഷീറ്റ്) നല്‍കണം എന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ വിദഗ്ദ്ധ സമിതി നിര്‍ദേശിച്ചു. ഇതനുസരിച്ച്‌ വസ്തുത വിവര പട്ടിക തയ്യാറാക്കാന്‍ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് സമിതി ആവശ്യപ്പെട്ടു.

കുത്തിവയ്പ്പ് ലഭിക്കുന്ന വ്യക്തിക്ക് പാര്‍ശ്വഫലങ്ങളോ, മറ്റ് രോഗങ്ങളോ ഉണ്ടായാല്‍ സര്‍ക്കാരിനെ 15 ദിവസത്തിനുള്ളില്‍ അറിയിക്കണം. നാല് മുതല്‍ ആറ് ആഴ്ചയ്ക് ഇടയില്‍ കോവിഷീല്‍ഡിന്റെ രണ്ട് ഡോസ് വാക്‌സിന്‍ ഒരു വ്യക്തിക്ക് നല്‍കണം.

Content Highlight: The cost of the first ten million doses of vaccine is from the PM Cares Fund