ഗുവഹാട്ടി: ടീ ലേലത്തില്‍ ഒരു കിലോ തേയില വിറ്റു പോയത് അമ്പതിനായിരം രൂപയ്ക്ക്. അസമിലെ ഒരു തോട്ടത്തില്‍ നിന്നെത്തിച്ച മനോഹരി ഗോള്‍ഡ് ടീ യാണ് ഇത്രയും വിലയ്ക്ക് കച്ചവടമായത്. ചൊവ്വാഴ്ച രാവിലെ നടന്ന ലേലത്തിലാണ് മനോഹരി ഗോള്‍ഡ് തേയിലയ്ക്ക് ഇത്രയും വില ലഭിച്ചത്. 

ഒരു പൊതു ലേലത്തില്‍ തേയിലയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിലയാണിത്. കഴിഞ്ഞ കൊല്ലം ഇതേ ബ്രാന്‍ഡ് തേയില ലേലത്തില്‍ വിറ്റത് 39, 001 രൂപയ്ക്കായിരുന്നു. എന്നാല്‍ അധികം താമസിയാതെ അരുണാചല്‍ പ്രദേശില്‍ ഗോര്‍ഡന്‍ നീഡില്‍ ഇനത്തില്‍ പെട്ട തേയില കിലോയ്ക്ക് 40,000 രൂപയ്ക്ക് വിറ്റതോടെ ആ റെക്കോര്‍ഡ് തകര്‍ന്നു. 

ഇക്കൊല്ലം അഞ്ച് കിലോ മനോഹരി ഗോള്‍ഡ് തേയില മാത്രമേ ഉത്പാദിപ്പിക്കാന്‍ സാധിച്ചുള്ളൂവെന്ന് ദിബ്രൂഗഡിലെ മനോഹരി തേയിലത്തോട്ടമുടമ രാജന്‍ ലോഹ്യ പറഞ്ഞു. ഈ തേയിലയുടെ ഉത്പാദനം പ്രയാസമേറിയതാണെന്ന് ലോഹ്യ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഉത്പാദനം കുറഞ്ഞുവെന്ന് ലോഹ്യ പറയുന്നു. 

സൗരഭ് ടീ ട്രേഡേഴ്‌സിലെ മഞ്ജിലാല്‍ മഹേശ്വരി എത്തിച്ച മനോഹരി തേയിലയാണ് റെക്കോഡ് തുകയ്ക്ക് വിറ്റുപോയത്‌.

രണ്ട് കിലോ തേയിലയാണ് മഹേശ്വരി എത്തിച്ചത്. ബാക്കിയുണ്ടായിരുന്ന തേയില നൂറ് ഗ്രാമിന് എണ്ണായിരം രൂപയ്ക്ക് വീതം വിറ്റു പോയി. 

സാധാരണയായി ഇലകളില്‍ നിന്നാണ് തേയില ഉത്പാദിപ്പിക്കുന്നതെങ്കിലും മനോഹരി തേയില ഉണ്ടാക്കുന്നത് ചെറിയ മുകുളങ്ങളില്‍ നിന്നാണ്. മെയ്-ജൂണ്‍ മാസങ്ങളില്‍ നുള്ളിയെടുക്കുന്ന മുകുളങ്ങളാണ് തേയില ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. 

 

Content Highlights: The auction price of Assam’s rare Manohari Gold tea is Rs 50,000 per kg