കോയമ്പത്തൂര്‍: വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്നത് എത്രപേരെന്ന് സൈന്യം കണക്കാക്കാറില്ലെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ. ആക്രമണം നടത്തുകയാണ് തങ്ങളുടെ ജോലി. വ്യോമസേന അക്കാര്യം കൃത്യമായി ചെയ്തിട്ടുണ്ട്. കൊല്ലപ്പെടുന്നവരുടെ എണ്ണം തിട്ടപ്പെടുത്തുന്നത് സര്‍ക്കാരാണെന്നും അദ്ദേഹം കോയമ്പത്തൂരില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ വ്യക്തമാക്കി.
ബാലകോട്ട് വ്യോമാക്രമണം സംബന്ധിച്ച വിവാദം മുറുകുന്നതിനിടെയാണ് വ്യോമസേനാ മേധാവിയുടെ പ്രതികരണം. ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് വ്യോമസേന ഇക്കാര്യത്തിൽ പ്രതികരിക്കുന്നത്.
ആക്രമണ ലക്ഷ്യത്തെക്കുറിച്ച് വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്. ആക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടെങ്കിൽ വ്യോമസേന അത് ചെയ്തിരിക്കും. ബോംബ് വീണത് വനത്തിലായിരുന്നെങ്കില്‍ പാക് പ്രധാനമന്ത്രി എന്തുകൊണ്ട് പ്രതികരിച്ചുവെന്നും ധനോവ ചോദിച്ചു.
വിങ് കമാന്‍ഡര്‍ അഭിനന്ദന് സേനയിലേക്ക് തിരിച്ചുവരുമോ എന്നത് വൈദ്യപരിശോധനകള്‍ക്കും ചികിത്സകള്‍ക്കും ശേഷം മാത്രമേ പറയാനാകൂ എന്നും ധനോവ അറിയിച്ചു. പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുന്നതിനിടെ പരിക്കുപറ്റിയ അഭിനന്ദന് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മിഗ്-21 ബൈസണ്‍ ഇപ്പോഴും ഉഗ്രശേഷിയുള്ള യുദ്ധവിമാനമാണെന്നും ധനോവ പറഞ്ഞു. അടുത്തിടെയാണ് മിഗ് അപ്ഗ്രേഡ് ചെയ്തതെന്നും അത്യാധുനിക ആയുധങ്ങള്‍ വഹിക്കാനും വിക്ഷേപിക്കാനുമുള്ള സംവിധാനം മിഗില് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: The air force doesn’t calculate casualty numbers, says Air force chief
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..