ബെംഗളൂരു: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ കഥ പറയുന്ന 'ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍' എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദേശീയ രാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുകയാണ്. ഈ സിനിമയുടെ പശ്ചാത്തലത്തില്‍ കര്‍ണാടക രാഷ്ട്രീയത്തിലും  പുതിയൊരു വിവാദം ഉടലെടുത്തതായാണ് പുതിയ വാര്‍ത്തകള്‍. ഡല്‍ഹിയില്‍ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററാണെങ്കില്‍ കര്‍ണാടകത്തില്‍ ആക്‌സിഡന്റല്‍ ചീഫ് മിനിസ്റ്ററാണെന്ന് മാത്രം.

മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ ലക്ഷ്യം വെച്ചുള്ള കര്‍ണാടക ബി.ജെ.പി ഘടകത്തിന്റെ ഒരു ട്വീറ്റാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. 'ആക്‌സിഡന്റല്‍ ചീഫ് മിനിസ്റ്റര്‍ എന്ന പേരില്‍ ഒരു സിനിമ ഇറങ്ങിയിരുന്നുവെങ്കില്‍ എച്ച്.ഡി കുമാരസ്വാമിയുടെ വേഷത്തില്‍ ആരായിരുന്നു അഭിനയിക്കുക' എന്നാണ് ട്വീറ്റിന്റെ ഉള്ളടക്കം. നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലം 37 സീറ്റ് മാത്രം നേടി മൂന്നാം സ്ഥാനത്ത് എത്തിയിട്ടും അപ്രതീക്ഷിതമായി ഉണ്ടായ മുന്നണി സമവാക്യങ്ങളില്‍ മുഖ്യമന്ത്രിയായ ജെ.ഡി.എസ് നേതാവ് കുമാരസ്വാമിയെ പരിഹസിക്കുകയാണ് ബി.ജെ.പി.

ഈ വര്‍ഷം ആദ്യ നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 104 സീറ്റും കോണ്‍ഗ്രസ് 80 സീറ്റും ജെ.ഡി.എസ് 37 സീറ്റുമായിരുന്നു നേടിയിരുന്നത്. 104 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താനായി ജെ.ഡി.എസും കോണ്‍ഗ്രസും ചേര്‍ന്ന് സഖ്യം രീപീകരിക്കുകയും ജെ.ഡി.എസ് നേതാവായ കുമാരസ്വാമി മുഖ്യമന്ത്രിയാവുകയുമായിരുന്നു. സഖ്യം സാധ്യമാവാനായി മുഖ്യമന്ത്രി പദം കോണ്‍ഗ്രസ് ജെ.ഡി.എസിന് വിട്ടുനല്‍കിയെങ്കിലും മന്ത്രിസഭയില്‍ കൂടുതലും കോണ്‍ഗ്രസ് അംഗങ്ങളാണുള്ളത്.

ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്തെ കഥ പറയുന്ന ബോളിവുഡ് ചിത്രം 'ദി ആക്സിഡന്റല്‍  പ്രൈം മിനിസ്റ്ററി'നെതിരേ നേരത്തെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. അനുപം ഖേര്‍ നായകനാകുന്ന ചിത്രം വസ്തുതകള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. മന്‍മോഹന്‍ സിങ്ങിന്റെ ജീവിതത്തെ ആധാരമാക്കി അദ്ദേഹത്തിന്റെ മുന്‍  മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു രചിച്ച പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍  കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍  അരങ്ങേറിയ ആഭ്യന്തര കലഹങ്ങളുടെ ഇരയാണ് മന്‍മോഹന്‍ സിങ് എന്നാണ് ട്രെയിലറില്‍ സൂചന നല്‍കുന്നത്.

content highlights: The Accidental CM, Karnataka BJP, HD Kumaraswamy