മുംബൈ: കോന്‍ ബനേഗാ ക്രോര്‍പതി സീസണ്‍ പത്തിലെ ആദ്യ കോടിപതിയായി ചരിത്രം കുറിച്ചിരിക്കുകയാണ് ബിനിത ജയിന്‍ എന്ന അസംകാരി. 14 ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം പറഞ്ഞ് ഒരു കോടി രൂപ സമ്മാനം നേടിയ ബിനിതയ്ക്ക് പക്ഷേ ഏഴ് കോടി രൂപയ്ക്കുള്ള പതിനഞ്ചാം ചോദ്യത്തില്‍ അടിപതറി. ബിനിതയെന്ന വീട്ടമ്മയും അവരെ  കുഴപ്പിച്ച ആ പതിനഞ്ചാം ചോദ്യവും ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

പതിമൂന്നാം ചോദ്യത്തിലേക്കെത്തുമ്പോള്‍ തന്നെ ലൈഫ്‌ലൈനുകളെല്ലാം  ബിനിത ഉപയോഗിച്ചുകഴിഞ്ഞിരുന്നു. ഒരുകോടി രൂപ സമ്മാനമായി ലഭിക്കുന്ന പതിനാലാം ചോദ്യത്തിനുള്ള ഉത്തരം സഹായങ്ങളില്ലാതെ തന്നെ ബിനിതയ്ക്ക് പറയാന്‍ കഴിഞ്ഞു. ഇന്ത്യയില്‍ 13 സുപ്രീംകോടതി ജ്ഡജിമാരുള്‍പ്പെട്ട ബെഞ്ച് വാദം കേട്ട ഏറ്റവും വലിയ കേസ് ഏതായിരുന്നു എന്നതായിരുന്നു ആ പതിനാലാം ചോദ്യം. ശരിയുത്തരം ഏതെന്ന് ബിനിതയ്ക്ക് ആലോചിക്കേണ്ടതായി പോലും വന്നില്ല. പക്ഷേ, ശരിയുത്തരത്തോടൊപ്പം ചേര്‍ന്നിരിക്കുന്ന വലിയ തുക ബിനിതയെ പരിഭ്രമിപ്പിച്ചു. നീണ്ടനേരത്തെ ആലോചനയ്ക്ക് ശേഷമാണ് ശരിയായ ഓപ്ഷന്‍ ലോക്ക് ചെയ്യാനുള്ള ധൈര്യം ബിനിതയ്ക്ക് ലഭിച്ചതും ഡി എന്ന് അവര്‍ പറഞ്ഞതും.

BINITA

ഈ സീസണിലെ ആദ്യ കോടിപതിയാണ് ബിനിതയെന്ന് തൊട്ടുപിറകേ പ്രഖ്യാപിക്കുമ്പോള്‍ പരിപാടിയുടെ അവതാരകനായ അമിതാഭ് ബച്ചനും ആവേശഭരിതനായിരുന്നു. അല്‍പനേരത്തെ ഇടവേളക്ക് ശേഷം ഏറ്റവും അവസാനത്തെ ആ വലിയ ചോദ്യം ബിനിതയ്ക്ക് നേരെ വന്നു. ശരിയുത്തരത്തിന് ഏഴ് കോടി രൂപ സമ്മാനമായി കിട്ടുന്ന ചോദ്യം.  പറയുന്ന ഉത്തരം തെറ്റാണെങ്കില്‍ വെറും 3.2 ലക്ഷം രൂപയുമായി ബിനിത വീട്ടിലേക്ക് മടങ്ങേണ്ടി വരികയും ചെയ്യും. ചോദ്യം ഇതായിരുന്നു-1867ല്‍ ആദ്യ സ്‌റ്റോക് ടിക്കര്‍ കണ്ടുപിടിച്ചത് ആരായിരുന്നു?

BINITA

ചോദ്യം കേട്ടതും ബിനിത ആശയക്കുഴപ്പത്തിലായി. തനിക്ക് സ്റ്റോക് ടിക്കര്‍ എന്താണെന്ന് അറിയില്ലെന്നും മത്സരത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും ബിനിത പറഞ്ഞു. പിന്മാറിയ സ്ഥിതിക്ക്‌ ഏതെങ്കിലുമൊരു ഓപ്ഷന്‍ ലോക്ക് ചെയ്യാന്‍ ബച്ചന്‍ പറഞ്ഞു. ബിനിത എ എന്ന് ലോക്ക് ചെയ്തു. എഡ്വാര്‍ഡ് കാലഹന്‍ എന്ന ആ ഉത്തരം ശരിയായിരുന്നു! അവിശ്വസനീയം എന്നാണ് ബച്ചന്റെ പ്രതികരണം.

എന്തായാലും സമയോചിതമായി തീരുമാനമെടുത്ത ബിനിത ഒരുകോടി രൂപ സമ്മാനത്തിനര്‍ഹയായി. രണ്ട് മക്കളുടെ അമ്മയായ ബിനിത ഒരു ട്യൂഷന്‍ ടീച്ചര്‍ കൂടിയാണ്. 

content highlights: Kaun Banega Crorepati,Binita Jain ,Amitabh Bachchan