ന്യൂഡൽഹി: പാകിസ്താന്‍ വിദേശ കാര്യമന്ത്രിയുടെ ട്വീറ്റ് ഇഷ്ടപ്പെട്ട ശശിത രൂരിന്റെ നടപടിയെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തിയതോടെ ന്യായീകരണ ട്വീറ്റുകളുമായി തരൂര്‍ രംഗത്ത്.

ഇന്ത്യന്‍ കരസേനാ മേധാവിക്കെതിരെ പാകിസ്താന്‍ വിദേശ കാര്യ മന്ത്രി ഖ്വാജ എം ആസിഫ് കുറിച്ച ട്വീറ്റാണ് ശശിതരൂര്‍ എംപി ലൈക്ക് ചെയ്തത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കടുത്ത വിമര്‍ശനവുമായി  ബിജെപിയുടെ ഐടി സെല്‍ തലവന്‍  അമിത് മാളവ്യ രംഗത്തെത്തുകയായിരുന്നു. മാളവ്യ ട്വീറ്റ് ഏറ്റെടുത്തതോടെ സംഭവം വിവാദമായി. തുടർന്നാണ് ന്യായീകരണ ട്വീറ്റുകളുമായി തരൂര്‍ രംഗപ്രവേശനം ചെയ്തത്.

അമിത് മാളവ്യയുടെ ട്വീറ്റ് വന്നതോടെ ട്വിറ്ററില്‍ തരൂരിനെതിരെ വലിയ ആക്രമണമാണ് നടന്നത്. 

ലൈക്ക് എന്നത് താന്‍ ട്വീറ്റ് ഇഷ്ടപ്പെട്ടാല്‍ ചെയ്യുന്ന കാര്യമല്ലെന്നും ബുക്ക് മാര്‍ക്കായി എളുപ്പം തിരിച്ചറിയാനാണ് പലപ്പോഴും താന്‍ ട്വീറ്റുകള്‍ ലൈക്ക് ചെയ്യുന്നതെന്നും തരൂർ കുറിച്ചു.

ഇത്തരത്തില്‍ ബുക്ക് മാര്‍ക്ക് ചെയ്യാന്‍ മാത്രമായി ധാരാളം പേര്‍ ലൈക്ക് ബട്ടണ്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഉടന്‍ തന്നെ വിഷയത്തില്‍ പ്രതികരിക്കുമെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

എന്നാൽ വിമര്‍ശനങ്ങള്‍ തുടര്‍ന്നതോടെ താന്‍ ലൈക്ക് ചെയ്ത പാക് വിദേശ കാര്യ മന്ത്രിയുടെ ട്വീറ്റിനു താഴെ പ്രതികരണ ട്വീറ്റ് കുറിച്ചാണ് തരൂര്‍ തുടര്‍ വിവാദങ്ങളെ അകറ്റുന്നത്.

വളരെ നിരുത്തരവാദപരമായും, തന്റെ പദവിക്ക് ചേരാത്ത രീതിയിലുമുള്ള  പ്രതികരണമാണ് ഇന്ത്യന്‍ സൈന്യത്തലവന്‍ നടത്തിയതെന്നാണ് ഖവാജ എം ആസിഫ് ട്വിറ്ററില്‍ കുറിച്ചത്. "ആണവ ഭീകരതയ്ക്കുള്ള ക്ഷണക്കത്താണിത്. തങ്ങളുടെ നിശ്ചയ ദാര്‍ഡ്യത്തെ പരീക്ഷിക്കാന്‍ കരസേനാമേധാവിക്ക് സ്വാഗതം. ജനറിന്റെ എല്ലാ സംശങ്ങളും അധികം താമസിയാതെ ദൂരീകരിക്കപ്പെടും" ബിപിന്‍ റാവത്തിനെ ഉദ്ദേശിച്ച് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഈ ട്വീറ്റാണ് ശശി തരൂര്‍ ലൈക്ക് രേഖപ്പെടുത്തി വിവാദത്തിലായത്. "ഇന്ത്യന്‍ സൈന്യത്തലവനെ പരിഹസിച്ചു കൊണ്ടുള്ള പാകിസതാന്‍ വിദേശ കാര്യ മന്ത്രിയുടെ ട്വീറ്റില്‍ ലൈക്ക് രേഖപ്പെടുത്തിയ തരൂരിന്റെ നടപടി നാണക്കേടുണ്ടാക്കുന്നതാണ്" എന്നായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്.

എന്നാല്‍ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമായതോടെ തരൂര്‍ വിയത്തില്‍ തന്റെ നിലപാടറിയിച്ച് കൊണ്ട് വീണ്ടും രംഗത്ത് വന്നു.

"വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ ഈ പ്രതികരണം അപഹാസ്യവും മര്യാദ കെട്ടതുമാണ്. ഡിസംബറില്‍ ബാങ്കോക്കില്‍ സമാധാനത്തെ കുറിച്ചു പറയുകയും ജനുവരിയില്‍ ഇസ്ലാമാബാദില്‍ അണ്വായുധ ഭീഷണി നടത്തുകയും ചെയ്യുന്നത് ഉചിതമല്ല. തീര്‍ത്തും നിരുത്തരവാദിത്തപരം" എന്നാണ്

പാക് വിദേശ കാര്യ മന്ത്രിയുടെ ട്വീറ്റിനെതിരെ തരൂര്‍ തന്റെ നയം വ്യക്തമാക്കി കൊണ്ട് ഏറ്റവും ഒടുവിലായി പ്രതികരിച്ചത്.