ന്യഡല്‍ഹി:  കോവിഡ് ദൈവനിശ്ചയമാണെന്നും അത് സാമ്പത്തിക ഞെരുക്കത്തിന് കാരണമാകുമെന്നുമുള്ള ധനമന്ത്രി നിര്‍മല സീതാരാമന്റെ പരാമര്‍ശത്തെ പരിഹസിച്ച് ശശി തരൂര്‍ എം.പി. 'ഇത്തവണ നെഹ്‌റുവിനെ ഒഴിവാക്കിയതിന്‌ നന്ദി' എന്ന കുറിപ്പോടെ ഒരു കാര്‍ട്ടൂണ്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചാണ് തരൂര്‍ ധനമന്ത്രിയെ പരിഹസിക്കുന്നത്.

നോട്ട് അസാധുവാക്കല്‍, ജിഎസ്ടി നടപ്പിലാക്കല്‍ എന്നിവയ്ക്കുപുറമെ കോവിഡ് വ്യാപനം കൂടി സംഭവിച്ചതിലൂടെ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടായ തകര്‍ച്ചയും നിര്‍മല സീതാരാമന്റെ പരാമര്‍ശവുമാണ് കാര്‍ട്ടൂണിന്റെ വിഷയം.  രാജ്യത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും കാരണം ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നടപടികളാണെന്ന ബിജെപി നേതാക്കളുടെ ആരോപണങ്ങളെ പരിഹസിക്കുകാണ് തരൂര്‍ ചെയ്തിരിക്കുന്നത്.

കത്ത് വിവാദത്തിന്റെ പേരില്‍ തരൂരിനെതിരെ കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രതികരണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഈ വിവാദങ്ങള്‍ക്കിടയിലും കേന്ദ്രസര്‍ക്കാരിനെ തന്റേതായ രീതിയില്‍ വിമര്‍ശിക്കുകയാണ് അദ്ദേഹം.

Content Highlights: Thanks for sparing Nehru this time; Sashi Tharoor mock Nirmala Sitaraman