ഗാന്ധിനഗര്‍: അവിവാഹിതകളായ യുവതികള്‍ക്ക് മൊബൈല്‍ ഫോണ്‍ കൈവശംവെക്കുന്നത് വിലക്കി ഗുജറാത്തിലെ ബനാസ്‌കാണ്ഡാ ജില്ലയിലെ ഠാക്കോര്‍ സമുദായം. സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കള്‍ക്ക് പിഴ ചുമത്താനും സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്ന് പുറപ്പെടുവിച്ച തീരുമാനം നിര്‍ദേശിക്കുന്നു.
അവിവാഹിതകളായ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുത്. ഇവരുടെ പക്കല്‍നിന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയാല്‍ മാതാപിതാക്കളായിരിക്കും ഉത്തരവാദികള്‍. കൂടാതെ സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കള്‍ക്ക് ഒന്നരലക്ഷം മുതല്‍ രണ്ടുലക്ഷം വരെ പിഴ ഈടാക്കാനും സമുദായത്തിലെ മുതിര്‍ന്ന നേതാക്കള്‍ പുറപ്പെടുവിച്ച നിര്‍ദേശം വ്യക്തമാക്കുന്നു.
ജില്ലയിലെ 12 ഗ്രാമങ്ങളില്‍നിന്നുള്ള 14 മുഖ്യന്മാര്‍ ചേര്‍ന്ന് ജൂലൈ 14 ന് ദന്തിവാഡാ താലൂക്കില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്ന് സമുദായ നേതാക്കളില്‍ ഒരാളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം പെണ്‍കുട്ടികളെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍നിന്ന് വിലക്കാനുള്ള നീക്കത്തില്‍ തെറ്റൊന്നുമില്ലെന്ന് കോണ്‍ഗ്രസ് എം എല്‍ എ ഗാനിബെന്‍ ഠാക്കോര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ സാങ്കേതികവിദ്യയില്‍നിന്ന് ദൂരംപാലിക്കണമെന്നും കൂടുതല്‍ സമയം പഠനത്തിനു വേണ്ടി ചിലവഴിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: thakor community of gujarat bans unmarried women from using mobile phones