ബാങ്കോക്ക്: നടുക്കടലില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍നിന്ന് പൂച്ചകളെ സാഹസികമായി രക്ഷപ്പെടുത്തുന്ന നാവികരുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. തായ്ലന്‍ഡ് നാവികസേനാംഗങ്ങളാണ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലില്‍നിന്ന് പൂച്ചകളെ രക്ഷപ്പെടുത്തി മാനുഷികതയുടെ പുതിയ ചരിത്രം രചിച്ചത്.

ചൊവ്വാഴ്ചയാണ് കടലില്‍വെച്ച് തീപിടിച്ച ചെറുകപ്പല്‍ അപകടത്തില്‍പ്പെട്ടത്. മുങ്ങിത്തുടങ്ങിയ കപ്പലിലുണ്ടായിരുന്ന ആളുകളെ നേരത്തെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. കപ്പലില്‍ എണ്ണ ചോര്‍ച്ചയുണ്ടോ എന്ന് പരിശോധിക്കുന്നതിന് നാവികസേനയുടെ ഒരു സംഘം വീണ്ടും അപകടത്തില്‍പ്പെട്ട സ്ഥലത്ത് എത്തിയപ്പോഴായിരുന്നു കപ്പലില്‍ ബാക്കിയായവരെ കണ്ടെത്തിയത്.

നാല് പൂച്ചക്കുഞ്ഞുങ്ങളായിരുന്നു കപ്പലില്‍ ബാക്കിയുണ്ടായിരുന്നത്. മുങ്ങിയ കപ്പലിന്റെ ചിത്രം എടുക്കുന്നതിനിടയില്‍ കാമറ സൂം ചെയ്തപ്പോഴാണ് ചില പൂച്ചത്തലകള്‍ തങ്ങളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതെന്ന് നാവികസേനാംഗങ്ങളിലൊരാളായ വിചിത് പുക്ദീലണ്‍ പറയുന്നു. 

നടുക്കടലില്‍ ഉപേക്ഷിക്കപ്പെട്ട ആ പൂച്ചകളെ രക്ഷപ്പെടുത്താന്‍ അവർ തീരുമാനിക്കുകയായിരുന്നു. സേനാംഗങ്ങളില്‍ ഒരാള്‍ കപ്പലിനടുത്തേക്ക് നീന്തിച്ചെന്നു നോക്കിയപ്പോള്‍ ബോട്ടിന്റെ ഒരു മരപ്പലകയ്ക്കു മേല്‍ നാലു പൂച്ചക്കുഞ്ഞൂങ്ങള്‍ ഭയന്നുവിറച്ച് അള്ളപ്പിടിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഓരോരുത്തരെയായി തന്റെ പുറത്തെടുത്തു വെക്കുകയും തിരെ നാവികസേനാ ബോട്ടിലെത്തിക്കുകയും ചെയ്തു.

രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ സൈനികര്‍ ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചതോടെ ഇത് വൈറലായി. നാവികസേനാംഗങ്ങളുടെ മാനുഷിക പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് ആയിരക്കണക്കിന് പ്രതികരണങ്ങളാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രക്ഷപ്പെടുത്തിയ പൂച്ചകള്‍ ഇപ്പോള്‍ കോ ലിപേയിലെ നാവികസേനാ താവളത്തില്‍ സുരക്ഷിതമായി കഴിയുകയാണ്.

Content Highlights: Thai Navy Saves 4 Cats From Sinking Ship