ന്യൂഡല്‍ഹി: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയുടെ ജന്‍മദിനത്തോടനുബന്ധിച്ച് വാഹന ഉപയോക്താക്കള്‍ക്ക് പ്രത്യേക സമ്മാനം. പെട്രോള്‍ വിലയില്‍ ലിറ്ററിന് നാല് രൂപമുതല്‍ ഒന്‍പത് രൂപവരെ ഇളവു നല്‍കിയാണ് രാജ് താക്കറെ ജന്‍മദിനം ആഘോഷിക്കുന്നത്. രാജ് താക്കറെയുടെ 50-ാം ജന്മദിനമാണ് ഇന്ന്.

മഹാരാഷ്ട്രയിലെ തിരഞ്ഞെടുത്ത പെട്രോള്‍ പമ്പുകളില്‍നിന്ന് പെട്രോള്‍ അടിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്കാണ് വിലക്കുറവ് ലഭ്യമാകുന്നത്. ഈ അവസരം മുതലാക്കുന്നതിന് ഈ പെട്രോള്‍ പമ്പുകളിലെല്ലാം ഇന്നു രാവില തന്നെ ഇരുചക്രവാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. മിക്കവരും ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചാണ് സുവര്‍ണാവസരം പ്രയോജനപ്പെടുത്തുന്നത്.

മഹാരാഷ്ട്രയില്‍ ഇന്നത്തെ പെട്രോള്‍ വില 84.26 ആണ്. അടുത്തകാലത്തുണ്ടായ ഭീമമായ പെട്രോള്‍ വിലവര്‍ധനവില്‍ ബുദ്ധിമുട്ടിയിരുന്നവര്‍ക്ക് ഈ ഇളവ് വലിയ ആശ്വാസമാണ് നല്‍കിയതെന്ന് ഇരുചക്ര വാഹന ഉപയോക്താക്കള്‍ പറയുന്നു. രാജ് തക്കറെയെപ്പോലെ പ്രധാനമന്ത്രി മോദിയും പെട്രോള്‍ വിലയില്‍ കുറവുവരുത്തി തങ്ങളെപ്പോലുള്ള പാവങ്ങള്‍ക്ക് ആശ്വാസം പകരുമെന്നാണ് കരുതുന്നതെന്ന് ചിലര്‍ പറയുന്നു.

രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് വിലക്കുറവ് ലഭിക്കുക. പാര്‍ട്ടി പ്രവര്‍ത്തകരാണ് പെട്രോള്‍ വിലകുറച്ച് നല്‍കുന്ന പമ്പുകളില്‍ മേല്‍നോട്ടം വഹിക്കുന്നത്. വിലക്കുറവില്‍ നല്‍കുന്ന പെട്രോളിന്റെ അളവ് വിവരങ്ങള്‍ എഴുതി സൂക്ഷിക്കുകയും വൈകുന്നേരം ഇളവ് നല്‍കിയ തുക പമ്പുകള്‍ക്ക് നല്‍കുകയുമാണ് ചെയ്യുക. 

ദിനംപ്രതി പെട്രോള്‍, ഡീസല്‍ വിലവര്‍ധിപ്പിക്കുന്ന ബിജെപി സര്‍ക്കാരിനെതിരായ ഒളിയമ്പായാണ് പെട്രോളിന് വിലയിളവ് നല്‍കിക്കൊണ്ടുള്ള താക്കറെയുടെ നീക്കം വിലയിരുത്തപ്പെടുന്നത്. അടുത്തിടെ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയ രാജ് താക്കറെ മോഡി മുക്ത ഭാരതത്തിനായി പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കണമെന്ന് പ്രസ്താവിച്ചിരുന്നു.

Content Highlights: Raj Thackeray Birthday Gift , Fuel price discount