
നരേന്ദ്ര മോദി | ഫോട്ടോ: എ.എൻ.ഐ
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ ചെറുക്കുന്നതിന് പരിശോധന, സമ്പര്‍ക്കം കണ്ടെത്തല്‍, ചികിത്സ, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കുന്നതിന് കൂടുതല്‍ ശ്രദ്ധനല്‍കണമെന്ന് പ്രധാനമന്ത്രി. രാജ്യത്ത് കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ ഉള്ള ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രോഗബാധ സംബന്ധിച്ച ശരിയായ വിധത്തിലുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കേണ്ടത് അനിവാര്യമാണ്. ലക്ഷണങ്ങളില്ലാതെയാണ് കൂടുതല്‍ രോഗബാധയും സ്ഥിരീകരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ കിംവദന്തികള്‍ വര്‍ധിക്കും. പരിശോധനയില്‍ പിഴവുകളുണ്ടെന്ന സംശയം ജനങ്ങളില്‍ വര്‍ധിക്കാന്‍ ഇത് ഇടയാക്കും. സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ തിരിച്ചറിയാതെപോകുന്നതിന് ഇത് വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാസ്ക് ധരിക്കുക എന്നത് ഒരു ശീലമാക്കാന്‍ അല്പം പ്രയാസമാണ്. എന്നാല്‍, മാസ്ക് ധിരിക്കുന്നത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയില്ലെങ്കില്‍ നമ്മള് ആഗ്രഹിക്കുന്ന ഫലം ലഭിക്കില്ല. ഈ ദുരിത സമയത്തുപോലും ലോകത്തെമ്പാടും ജീവന് രക്ഷാ മരുന്നുകള്‍ എത്തിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളിലും തടസ്സമില്ലാതെ മരുന്നുകള്‍ എത്തിക്കുന്നതിന് നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. രാജ്യത്തെ ആകെ രോഗബാധയുടെ 63 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. 77 ശതമാനം മരണങ്ങളും സംഭവിച്ചിട്ടുള്ളതും ഈ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ രണ്ട് ശതമാനമാണ് മരണനിരക്കെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
അമേരിക്ക കഴിഞ്ഞാല്‍ രോഗബാധ ഏറ്റവും രൂക്ഷമായ രാജ്യമാണ് ഇന്ത്യ. നിലവില്‍ ഇന്ത്യയില്‍ 56 ലക്ഷം കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് ബാധിച്ച് 90,000ല്‍ അധികം മരണമാണ് ഇന്ത്യയില്‍ ഇതുവരെ ഉണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,527 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
Content Highlights: Testing, Tracing, Treatment: PM's Message To States Hit Worst By Covid
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..