ന്യൂഡല്‍ഹി: പഠാന്‍കോട്ട് മാതൃകയില്‍ ഇന്ത്യന്‍ കര-നാവിക വിഭാഗങ്ങളെ ആക്രമിക്കാന്‍ പാകിസ്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാകിസ്താന്‍ ആസ്ഥാനമായുളള തീവ്രവാദ സംഘടനകളായ ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്ഷ് ഇ മൊഹമ്മദ് എന്നീ തീവ്രവാദ സംഘടനകളാണ് ആക്രമണത്തിനൊരുങ്ങുന്നതെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

ആക്രമണത്തിന് തയ്യാറായി 10 പേരടങ്ങുന്ന സംഘം ഇന്ത്യയിലേക്ക് നുഴഞ്ഞുകയ്യറാന്‍ നിയന്ത്രണരേഖയ്ക്കപ്പുറം ഒരുങ്ങിയിരിക്കുകയാണെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കെല്‍, ആത്മുകം, ടുദിന്‍ഹല്‍, ലീപ് താഴ്വര എന്നിവിടങ്ങളില്‍ കൂടിയാകാം ഇവര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഇന്ത്യന്‍ സുരക്ഷാസേനയെ ആക്രമിക്കാന്‍ എല്‍ ഇ ടി ക്കും ജെയ്ഷക്കും നേര്‍ക്ക് ഐ എസ് ഐ സമ്മര്‍ദ്ദം ചെലുത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ജെയ്ഷ് ഇ മൊഹമ്മദ് തീവ്രവാദികള്‍ക്ക് പാകിസ്താനിലെ ബഹവല്‍പൂരില്‍ ഇന്ത്യന്‍ നാവികസേനയെ ആക്രമിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 

വെള്ളത്തിനടിയിലൂടെ നാവിക താവളങ്ങളെയും നാവികസേനാ കപ്പലുകളെയും ആക്രമിക്കുന്നതിനുള്ള പരിശീലനമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. ഭീകരാക്രമണം ഉണ്ടാകുമെന്ന വിവരത്തെ തുടര്‍ന്ന് അതിര്‍ത്തികളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് അമര്‍നാഥ് യാത്രക്ക് ഇത്തവണ സുരക്ഷ ശക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഭകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ട് തീര്‍ഥാടകര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.