ന്യൂഡല്‍ഹി: രാജ്യത്ത് സര്‍വ്വീസ് നടത്തുന്ന എയര്‍ലൈന്‍സുകള്‍ക്കും മറ്റ് പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് നേരെയും തീവ്രവാദികളുടെ രാസായുധ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. എയര്‍പോര്‍ട്ട്, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മെട്രോ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

സെപ്തംബര്‍ രണ്ടിനാണ് ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്. രാസായുധ ആക്രമണത്തിന് സാധ്യത തോന്നിക്കുന്ന തരത്തില്‍ എന്തെങ്കിലും അസാധാരണമാം വിധത്തില്‍ കണ്ടെത്തിയാല്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്. 

ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഓസ്ട്രേലിയയില്‍ വിമനത്തില്‍ സ്ഫോടക വസ്തുക്കള്‍ കടത്താനുള്ള ശ്രമം സുരക്ഷാജീവനക്കാര്‍ പരാജയപ്പെടുത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഓസ്ട്രേലിയില്‍ സെക്യൂരിറ്റി ഏജന്‍സി അറസ്റ്റ് ചെയ്തു. ഇക്കാര്യം ഉദാഹരണമായി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ലഭിച്ചത്. വിഷവാതക പ്രയോഗ മുന്നറിയിപ്പും ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്നും ലഭിച്ചതായി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. 

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സിവില്‍ വ്യോമയാന സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റും സിഐഎസ്എഫ് എയര്‍പോര്‍ട്ട് അതോറിറ്റി, മെട്രോ എയര്‍പോര്‍ട്ട്സ് എന്നിവയ്ക്കും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.