ശ്രീനഗര്‍: ഭീകരരെന്ന് സംശയിക്കുന്ന ഒരു സംഘം ജമ്മു കശ്മീരിലെ ഭക്ഷണശാലയ്ക്ക് നേര്‍ക്ക് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീനഗറിലെ പ്രസിദ്ധമായ കൃഷ്ണ ദാബയുടെ ഉടമയുടെ മകനായ ആകാശ് മെഹ്‌റയ്ക്കാണ് വെടിയേറ്റത്. ആക്രമണമുണ്ടായ സമയത്ത് ഭക്ഷണശാലയ്ക്കുള്ളിലായിരുന്ന ആകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഭീകരരാണ് വെടിവെപ്പിന് പിന്നിലെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമത്തിനെതിരെയുള്ള ആക്രമണമാണിതെന്ന് വെടിവെപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയ ഒരു ഭീകരസംഘടന അറിയിച്ചു. കൂടുതല്‍ ആക്രമണങ്ങളുണ്ടാകുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. ജമ്മു കശ്മീരില്‍ സ്ഥാവര സ്വത്ത് സമ്പാദനത്തിന് മറ്റ് സംസ്ഥാനങ്ങളിലുള്ളവര്‍ക്കും അനുമതി നല്‍കുന്നതാണ് സര്‍ക്കാരിന്റെ പുതിയ നിയമം.

പത്ത് ലക്ഷത്തിലധികം കശ്മീര്‍ നിവാസികള്‍ക്ക് സ്ഥിരതാമസക്കാരനാണെന്നുള്ള രേഖ വിതരണം ചെയ്തായി ജനുവരി ആദ്യം പുറത്തു വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. കശ്മീരിന് പുറത്തുള്ളവരുടെ കണക്ക് പ്രസിദ്ധീകരിച്ചിട്ടില്ല. കഴിഞ്ഞ കൊല്ലം ഡിസംബര്‍ 31 ന് സ്വര്‍ണപ്പണിക്കാരന്‍ വെടിയേറ്റ് മരിച്ചിരുന്നു. ജമ്മു കശ്മീരിലെ സ്ഥിരം താമസക്കാരനാണെന്നുള്ള രേഖ ലഭിച്ച് ഒരു മാസം പിന്നിട്ടപ്പോഴായിരുന്നു സംഭവം. 

മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവര്‍ ബുധനാഴ്ചത്തെ ആക്രമണത്തെ അപലപിച്ചു. 

കശ്മീരിലെ നിലവിലെ സ്ഥിതിയെ കുറിച്ചറിയാന്‍ 24 വിദേശ നയതന്ത്രപ്രതിനിധികളുടെ രണ്ട് ദിവസത്തെ സന്ദര്‍ശനം ആരംഭിക്കാനിരിക്കെയാണ് വെടിവെപ്പുണ്ടായത്. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വസതിയ്ക്ക് സമീപമാണ് ഭക്ഷണശാല. കശ്മീരിനുണ്ടായിരുന്ന പ്രത്യേകഭരണഘടനാപദവി എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് ശേഷം നടക്കുന്ന നാലാമത്തെ വിദേശനയതന്ത്രപ്രതിനിധി സന്ദര്‍ശനമാണിത്. 

Content Highlights: Terrorists Open Fire At Popular Dhaba In Srinagar