ന്യൂഡല്‍ഹി: ഇന്ത്യന്‍ സുരക്ഷാസേനകളെ വെല്ലുവിളിച്ച് 2015-ല്‍ പുറത്തു വന്ന ഒരു ചിത്രമാണിത്. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിക്കൊപ്പം നില്‍ക്കുന്ന പതിനൊന്ന് തീവ്രവാദികളുടെ ചിത്രം. 

പുറത്തു വന്ന കാലത്ത് സോഷ്യല്‍മീഡിയയില്‍ വന്‍തോതില്‍ പ്രചരിപ്പിക്കപ്പെട്ട ഈ ചിത്രം രണ്ട് വര്‍ഷത്തിനിപ്പുറം തീവ്രവാദികളെ ഭയപ്പെടുത്തുന്ന ഒരു ഓര്‍മചിത്രമാക്കി മാറ്റിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. 

ശനിയാഴ്ച രാവിലെ കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഏറ്റമുട്ടലിനിടെ ലഷ്‌കര്‍ ഇ തോയ്ബ കമാന്‍ഡര്‍ വസീം ഷാ കൂടി കൊല്ലപ്പെട്ടതോടെ ഈ സംഘത്തില്‍ ഇനി ജീവനോടെ ബാക്കിയുള്ളത് രണ്ട് പേര്‍ മാത്രമാണ് അവരിലൊരാള്‍ ജയിലിലും.  

ചിത്രം പുറത്തു വന്ന വര്‍ഷം തന്നെ സംഘത്തിലുണ്ടായിരുന്ന ആദില്‍ അഹമ്മദ് ഖണ്ഡേ, അഫാഘുള്ള ഭട്ട്, വസീം മല്ല എന്നിവരെ സൈന്യം വധിച്ചിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന താരിഖ് അഹമ്മദ് പട്ടേല്‍ എന്ന തീവ്രവാദി അതേവര്‍ഷം സുരക്ഷാസേനയ്ക്ക് മുന്‍പില്‍ കീഴടങ്ങി.

2016-ല്‍ അനന്ത്നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ സംഘത്തലവന്‍ ബുര്‍ഹാന്‍ വാനിയെ വധിച്ച സൈന്യം തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായക നേട്ടം സ്വന്തമാക്കി. സംഘത്തിലുണ്ടായിരുന്ന ഇഷ്താഖ് ഹമീദും നസീര്‍ അഹമ്മദുമായിരുന്നു സൈന്യത്തിന്റെ അടുത്ത ഇരകള്‍.

സബ്സാര്‍ അഹമ്മദ് ഭട്ട് എന്നയാളെ കൊലപ്പെടുത്തിയാണ് ഈ വര്‍ഷം സൈന്യം തുടങ്ങിയത്. ലഷ്‌കര്‍ ഇ തൊയ്ബ പ്രവര്‍ത്തകരായ അബു ദുജാന, ജയ്ഷ് ഇ മുഹമ്മദ് ഓപറേഷണല്‍ ചീഫ് അബു ഖാലിദ് എന്നിവരെ കൂടി ഇല്ലാതാക്കിയ സൈന്യംശനിയാഴ്ച വസീം ഷായെ കൂടി വധിച്ചതോടെ തീവ്രവാദികളുടെ ചിത്രം അക്ഷരാര്‍ധത്തില്‍ മരണചിത്രമായി മാറിയിരിക്കുകയാണ്. 

സംഘത്തിലുണ്ടായ അനീസും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാദേശിക വിവരം. ബുര്‍ഹന്‍ വാനിയുടെ ഈ സംഘത്തിലെ സദ്ദാം പഡ്ഡാര്‍ എന്നയാള്‍ മാത്രമാണ് ഇപ്പോള്‍ ജീവനോടെയുള്ളത്. 

കശ്മീരിലെ യുവാക്കളില്‍ സ്വാധീനം ചെലുത്താനുള്ള മനപ്പൂര്‍വമായ ശ്രമമായിട്ടാണ് ഈ ചിത്രം പ്രചരിപ്പിക്കപ്പെട്ടതെന്ന് സുരക്ഷാ ഏജന്‍സികള്‍ നേരത്തെ സംശയിച്ചിരുന്നു. എന്തായാലും വെല്ലുവിളിച്ച് വന്നവരെ രണ്ട് വര്‍ഷം കൊണ്ട് തീര്‍ത്ത സൈന്യം കഥയുടെ ക്ലൈമാക്‌സ് മാറ്റിയെഴുതിരിക്കുകയാണ്.

ദേശീയമാധ്യമമായ ഡെയ്ലി ന്യൂസ് അനാലിസിസാണ് സൈന്യത്തിന്റെ ത്രസിപ്പിക്കുന്ന ഈ പ്രതികാരകഥ പുറത്തുവിട്ടിരിക്കുന്നത്. 

(വാര്‍ത്തയ്ക്കും ചിത്രത്തിനും കടപ്പാട്: http://www.dnaindia.com)