ശ്രീനഗര്‍: ജമ്മുകശ്മീരില്‍ രണ്ട് തൊഴിലാളികളെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി. ബീഹാറില്‍ നിന്നുള്ള രാജ രഷി ദേവ്, ജോഗീന്ദര്‍ രഷി ദേല് എന്നിവരാണ് കൊല്ലപ്പെട്ടത്. കുല്‍ഗ്രാം ജില്ലയിലെ വാന്‍പോഹ് മേഖലയിലെ തൊഴിലാളികളുടെ താമസ സ്ഥലത്തെത്തിയാണ് ഭീകരര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചുന്‍ ചുന്‍ രഷി ദേവ് എന്നയാള്‍ക്കാണ് പരിക്കേറ്റത്.

തൊഴിലാളികള്‍ക്ക് നേരെ ആറ് തവണ വെടിയുതിര്‍ത്തുന്നുവെന്നും എത്ര തീവ്രവാദികളുണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും സംഭവത്തിന്റെ ദൃസാക്ഷികളിലൊരാള്‍ പറഞ്ഞു. 

ഇതോടെ കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ ഭീകരര്‍ കൊലപ്പെടുത്തിയ സാധാരണക്കാരുടെ എണ്ണം 11 ആയി. ഈമാസം കൊല്ലപ്പെട്ട 11 പേരില്‍ അഞ്ച് പേരും കശ്മീരിന് പുറത്തുനിന്നുള്ള തൊഴിലാളികളാണ്.  കശ്മീരില്‍ നിന്ന് പ്രദേശവാസികളല്ലാത്ത തൊഴിലാളികളെ പുറത്താക്കുകയാണ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. 

ഇതേതുടര്‍ന്ന് കശ്മീരിലുള്ള സ്വദേശികളല്ലാത്ത എല്ലാ തൊഴിലാളികളും അടുത്തുള്ള ആര്‍മി അല്ലെങ്കില്‍ പോലീസ് ക്യാമ്പിലേക്ക് മാറണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പുറത്തുനിന്നുള്ള ഏതാണ്ട് 50,000 ത്തോളം തൊഴിലാളികള്‍ കശ്മീര്‍ താഴ്‌വരയിലുണ്ടെന്നണ് വിലയിരുത്തല്‍.