ശ്രീനഗര്‍: ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാവ് ഗുലാം ഹസന്‍ ലോണിനെ ഭീകരര്‍ വ്യാഴാഴ്ച വെടിവെച്ച് കൊലപ്പെടുത്തി. അപനി പാര്‍ട്ടി സോണല്‍ പ്രസിഡന്റായ ലോണിനെ അദ്ദേഹത്തിന്റെ കുല്‍ഗാം ജില്ലയിലെ ദേവ്‌സാറിലുള്ള വസതിയില്‍ വെച്ചാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. 

ലോണിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു. 

മെഹബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി(പി.ഡി.പി.)യില്‍നിന്ന് രാജിവെച്ച ലോണ്‍ നാലു മാസങ്ങള്‍ക്കു മുമ്പാണ് അപനി പാര്‍ട്ടിയില്‍ അംഗമായത്. 

കുല്‍ഗാം സ്വദേശിയായ ബി.ജെ.പി. നേതാവിനെ ഭീകരര്‍ കൊലപ്പെടുത്തി രണ്ടുദിവസത്തിനു ശേഷമാണ് ലോണിന്റെ കൊലപാതകം. ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ജാവേദ് അഹമ്മദ് ധാറിനെയാണ് ചൊവ്വാഴ്ച വൈകീട്ട് ഭീകരര്‍ കൊലപ്പെടുത്തിയത്. കശ്മീരിലെ ബ്രാസ് ലൂ ജഗീര്‍ മേഖലയിലുള്ള അദ്ദേഹത്തിന്റെ വീടിനു സമീപത്തുനിന്നാണ് ധാറിനെ ഭീകരര്‍ കൊലപ്പെടുത്തിയത്. 

രജൗറിയിലുള്ള ബി.ജെ.പി. പ്രവര്‍ത്തകന്റെ വീടിനു സമീപം ഓഗസ്റ്റ് 12-ന് നടന്ന സ്‌ഫോടനത്തില്‍ ഒരു കുട്ടി കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനം നടന്നതിന്റെ തലേദിവസം ഇവിടെ 24 വയസ്സുകാരന്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ടിരുന്നു.

Content Highlights: terrorists fire bullets at jammu kashmir leader ghulam hassan lone in kulgam