ഡല്‍ഹി; പൗരത്വ നിയമ ഭേദഗതി പ്രതിഷേധം ആളിക്കത്തുന്നതിനിടയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പൊതുപരിപാടിക്ക് ഭീകരാക്രമണ ഭീഷണി. ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഞായറാഴ്ച നടക്കേണ്ട പരിപാടിക്ക് തീവ്രവാദ ഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. 

ജെയ്‌ഷെ മുഹമ്മദ് പ്രധാന മന്ത്രിയെ ഉന്നം വയ്ക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സി എസ്പിജിക്ക്‌ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രധാന മന്ത്രിയുടെ സുരക്ഷ ശക്തമാക്കാന്‍ എസ്പിജിക്കും ഡല്‍ഹി പോലീസിനും ജാഗ്രതാ നിര്‍ദേശം ലഭിച്ചതോടെ നാളെ പരിപാടി നടക്കുന്ന രാംലീല മൈതാനത്ത് പഴുതടച്ച സുരക്ഷയാണ് ഒരുക്കുന്നത്.

നിയമവിധേയമാക്കിയ ഡല്‍ഹിയിലെ അനധികൃത കോളനികളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ചടങ്ങിനാണ് നാളെ പ്രധാനമന്ത്രി രാംലീല മൈതാനെത്തുന്നത്. ഏകദേശം അമ്പതിനായിരത്തിലേറെ ആളുകള്‍ ഈ പരിപാടിക്കെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവിടെ യാതൊരു വിധ പ്രതിഷേധങ്ങളും നടക്കാതിരിക്കാന്‍ വലിയ സുരക്ഷാ വലയം ഡല്‍ഹി പോലീസ് തീര്‍ക്കും.

Content Highlights; terrorist threat for prime minister modi programme