ന്യൂഡല്‍ഹി:  എട്ട് ഗ്രനേഡുമായി ഭീകരന്‍ ജമ്മുവില്‍ അറസ്റ്റില്‍. സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടവര്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ കൈമാറാനായി പോകുമ്പോഴാണ് ഇയാള്‍ അറസ്റ്റിലായത്. പുല്‍വാമയിലെ അവന്തിപ്പോരയില്‍ നിന്നുള്ള അര്‍ഫാന്‍ വാനി എന്നയാളാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 60,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. 

ബസില്‍ സ്‌ഫോടക വസ്തുക്കള്‍ കടത്തുന്നുവെന്ന ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് ബസ് പിന്തുടര്‍ന്നെത്തിയ പോലിസ് സംഘം ജമ്മുവിലെ ഗാന്ധിനഗറില്‍ വെച്ചാണ് അര്‍ഫാന്‍ വാനിയെ അറസ്റ്റ് ചെയ്തത്. അര്‍ഫാന്‍ വാനിയെ ചോദ്യം ചെയ്താല്‍ ഡല്‍ഹിയില്‍ ഇയാളുമായി ബന്ധമുള്ളവരെ കണ്ടെത്താനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. 

സ്വാതന്ത്ര്യ ദിനത്തില്‍ ഡല്‍ഹിയിലും ജമ്മുവിലും ഭീകര സംഘടനകള്‍ ആക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതുപ്രകാരം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് അധികൃതര്‍ നല്‍കിയിട്ടുള്ളത്