ശ്രീനഗര്‍: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ലഷ്‌കര്‍ ഭീകരന്റെ പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. നവീദ് ജാട്ട് എന്ന അബു ഹന്‍സുള്ള വനപ്രദേശത്തുവച്ച് മറ്റുഭീകരരെ കണ്ടുമുട്ടുകയും ആശ്ലേഷിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

തോക്കേന്തിയ ഭീകരന്മാരാണ് ദൃശ്യങ്ങളിലുള്ളത്. പുറത്തുവന്ന വീഡിയോയെപ്പറ്റി പ്രതികരിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. തെക്കന്‍ കശ്മീരിലെ വനപ്രദേശത്തുവച്ചാകാം വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് കരുതുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ചു കൊന്ന ശേഷമാണ് കശ്മീരിലെ എസ്എംഎച്ച്എസ് ഹോസ്പിറ്റലില്‍നിന്ന് ഭീകരന്‍ കഴിഞ്ഞമാസം രക്ഷപ്പെട്ടത്. ആശുപത്രിയില്‍ ഭീകരനെ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു നാടകീയമായ രക്ഷപ്പെടല്‍. പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് തോക്ക് തട്ടിയെടുത്താണ് ഭീകരന്‍ വെടിവെപ്പ് നടത്തിയത്.

രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതിനു പുറമെ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഭീകരന് രക്ഷപ്പെടാന്‍ സഹായം നല്‍കിയവരെ പോലീസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് ഭീകരന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുള്ളത്.

വീഡിയോ കടപ്പാട്: NDTV