ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നതിന് പിന്നാലെ വീണ്ടും വിവാദ പരാമര്‍ശവുമായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എ. വിശ്വാസ് നഗറില്‍നിന്ന് വിജയിച്ച ഒ.പി ശര്‍മയാണ് കെജ്‌രിവാള്‍ ഭീകരവാദിയാണെന്ന ആരോപണം ആവര്‍ത്തിച്ചതെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

കെജ്‌രിവാള്‍ അഴിമതിക്കാരനാണെന്ന് ശര്‍മ ആരോപിച്ചു. ഭീകരവാദികളോട് അദ്ദേഹം അനുകമ്പ കാട്ടുന്നു. പാക് സൈനിക വക്താവെന്ന തരത്തിലാണ് പെരുമാറുന്നത്. അദ്ദേഹം ഇന്ത്യന്‍ സൈന്യത്തിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ടുക്ക്‌ഡെ ടുക്ക്‌ഡെ ഗ്യാങ്ങിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അതിനാല്‍ ഭീകരവാദി എന്ന വിശേഷണമാവും അദ്ദേഹത്തിന് ചേരുകയെന്നും ശര്‍മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രമുഖ നേതാക്കള്‍ കെജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചത് അടക്കമുള്ളവ ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെയാണ് ഒ.പി ശര്‍മ വീണ്ടും വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്. ബിജെപി എംപി പര്‍വേഷ് വര്‍മ്മ, കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവരാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗിലടക്കം നടക്കുന്ന പ്രക്ഷോഭങ്ങളെ എഎപി പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു വിവാദ പരാമര്‍ശം.

അതിന് കെജ്‌രിവാള്‍ മറുപടിയും നല്‍കിയിരുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനും പൊതുജനാരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ തീര്‍ഥാടന സൗകര്യം ഒരുക്കുന്നതിനും അടക്കമുള്ളവയ്ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും ഇതൊക്കെയാണോ ഒരു ഭീകരവാദി ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Content Highlights: Terrorist is the appropriate term for Kejriwal - BJP MLA OP Sharma